ബൈപ്പാസ് ശസ്ത്രക്രിയയ്ക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങി, അഞ്ചുവര്‍മായി ജോലിക്ക് പോകാനായില്ല, മൂന്നരലക്ഷത്തോളം ചെലവായി;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ പരാതിയുമായി മധ്യവയസ്‌കന്‍

അത്തോളി ചീക്കിലോട് കോറോത്ത് അശോക(60)നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

New Update
353553

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ മറ്റൊരു പരാതിയും. അത്തോളി ചീക്കിലോട് കോറോത്ത് അശോക(60)നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച അശോകനെ വിളിച്ചുവരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തെളിവെടുത്തു. 

Advertisment

ബൈപ്പാസ് ശസ്ത്രക്രിയയ്ക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയെന്നും ഇതേത്തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ ദുരിതമനുഭവിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

പരാതി അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. രാജേഷിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. 

എല്ലാ ചികിത്സാ രേഖകളും സമിതി പരിശോധിച്ചിട്ടുണ്ട്. ബാഹ്യവസ്തു കണ്ടെത്തിയതായുള്ള എക്കോ സ്‌കാനിങ് റിപ്പോര്‍ട്ടുള്‍പ്പെടെ ഹാജരാക്കിയതായി അശോകന്‍ പറഞ്ഞു. ബന്ധപ്പെട്ട റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കുമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചത്.

നെഞ്ചു വേദനയെത്തുടര്‍ന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ വരികയും മുറിവില്‍ നിന്ന് രക്തവും നീരും വരാന്‍ തുടങ്ങുകയും ചെയ്തിരുന്നു. നാല് തവണയായി മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും മുറിവുണങ്ങിയില്ല. ഒടുവിലാണ് ഉള്ളിയേരിയിലെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിക്കുന്നതും സ്‌കാനിങ് നടത്തി വസ്തു പുറത്തെടുക്കുന്നതെന്ന് അശോകന്‍ പറയുന്നു. 

അഞ്ചുവര്‍മായി ജോലിക്ക് പോകാനായില്ല. രണ്ടു ശസ്ത്രക്രിയയ്ക്കുമായി മൂന്നരലക്ഷത്തോളം രൂപ ചെലവായി. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും വേണമെന്നും അശോകന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Advertisment