മലപ്പുറം: വളാഞ്ചേരി തിണ്ടലത്ത് കാര്‍ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു. കരേക്കാട്‌സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട സെയ്താലിയുമായി ആശുപത്രിയിലേക്ക് പോയ കാറാണ് ചെളിയില്‍ കുടുങ്ങിയത്.
പിന്നീട് നാട്ടുകാരെത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണം. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി ഇവിടെ കുന്നിടിച്ച് മണ്ണെടുക്കുന്നുണ്ട്. ഇതാണ് റോഡില്‍ ചെളി നിറഞ്ഞത്.
രോഗിയുമായി വന്ന കാര്‍ കുടുങ്ങിയെന്ന് പോലീസില്‍ അറിയിച്ചിട്ടും അധികൃതര്‍ എത്താന്‍ വൈകിയതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. യാതൊരു മുന്‍കരുതലും ഇല്ലാതെ മണ്ണെടുക്കുന്നത് കാരണം പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.