പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യക്ക് ചോര്‍ത്തി നല്‍കി യുവാവ്. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ യുവാവിനെതിരെ കേസെടുത്തു. തണ്ണിത്തോട് സ്വദേശി കാര്‍ത്തിക ഭവനില്‍ നവീനെ(30)തിരെയാണ് കേസെടുത്തത്.
54കാരനായ ഭര്‍ത്താവ് ഐ.ടി. നിയമപ്രകാരം പരാതി നല്‍കുകയായിരുന്നു. മൂന്നാഴ്ച മുമ്പാണ് സംഭവം. നവീനെതിരെ പരാതിയുമായി മറ്റൊരു യുവതിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ ഫോണിന് ചെറിയ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. സ്മാര്‍ട്ട് ഫോണുകളെ കുറിച്ച് വലിയ ധാരണയില്ലാതിരുന്ന ഇയാള്‍ നവീനിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് ഇയാള്‍ നവീനെതിരേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് നവീനെതിരെ 30കാരിയായ മറ്റൊരു യുവതിയുടെ പരാതിയും പോലീസിന് ലഭിച്ചത്. രാത്രി സമയത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ തണ്ണിത്തോട് ഭാഗത്ത് വച്ച നവീന്‍ കടന്ന് പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതി.