Advertisment

ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി: മുഖ്യമന്ത്രി

"ഭൂരിപക്ഷ വര്‍ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന കാലം കൂടിയാണിത്"

New Update
525252

തിരുവനന്തപുരം: ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

Advertisment

''മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നു. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടുവച്ച സങ്കുചിത മതവര്‍ഗീയവാദികള്‍ക്കു മുന്നില്‍ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചു. 

ദേശീയ പ്രസ്ഥാനത്തെ സാമ്രാജ്യത്വ വിരുദ്ധതയിലും മതേതരത്വത്തിലും അടിയുറപ്പിച്ചു നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് അദ്ദേഹം ഭൂരിപക്ഷ വര്‍ഗീയ ശക്തികളുടെ കണ്ണിലെ കരടായതും. ഇന്ത്യന്‍ മണ്ണിലെ ഹിന്ദു-മുസ്ലിം മൈത്രിക്കുവേണ്ടിയാണ് തന്റെ അവസാന ശ്വാസം വരെ ഗാന്ധിജി നിലകൊണ്ടത്.

ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. നാഥൂറാം വിനായക് ഗോഡ്സെ എന്ന മതവര്‍ഗീയവാദി ഗാന്ധിയെ വധിച്ചതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്. 

ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും ഭയപ്പെടുന്ന ആര്‍.എസ്.എസ്. നയിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്ന സാഹചര്യം കൂടി ഇന്നുണ്ട്.

ഭൂരിപക്ഷ വര്‍ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന കാലം കൂടിയാണിത്. മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. എല്ലാത്തരം വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയാറാവുക എന്നതാണ് രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റെടുക്കേണ്ട കടമ...'' 

 

Advertisment