Advertisment

ഞാന്‍ ആരുടെയും ആത്മീയ ഗുരുവല്ല, ഞാനൊരു ജ്യോതിഷിയാണ്, അവര്‍ ഒരു പൈസ പോലും എന്നെ ഏല്‍പ്പിച്ചിട്ടില്ല, ഹരികുമാര്‍ എനിക്കൊപ്പമുണ്ടായിരുന്നത് കോവിഡിന് മുമ്പായിരുന്നു, കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നു; കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് ദേവീദാസന്‍

"ഒരു മകനെ പോലെയാണ് ഞാന്‍ ഹരികുമാറിനെ കണ്ടിരുന്നത്"

New Update
424242

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവന്‍ കിണറ്റിലെറിഞ്ഞ് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് കരിക്കകം സ്വദേശിയായ ജ്യോതിഷി ദേവീദാസന്‍. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Advertisment

''ഞാന്‍ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്. ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവര്‍ത്തിച്ചിട്ടില്ല. കുടുംബസ്ഥനാണ്. 

അവര്‍ ഒരു പൈസ പോലും എന്നെ ഏല്‍പ്പിച്ചിട്ടില്ല. പ്രതിയായ ഹരികുമാര്‍ എനിക്കൊപ്പം ഉണ്ടായിരുന്നത് കോവിഡിന് മുമ്പായിരുന്നു. അയാള്‍ ഇവിടെ ജോലിക്ക് നിന്നിട്ടുണ്ട്. ഹരികുമാറിന്റെ കുടുംബത്തെ പരിചയമുണ്ട്. ജോലിക്ക് വന്ന സമയത്ത് അയാള്‍ നല്ല അനുസരയുള്ള വ്യക്തിയായിരുന്നു. 

അയാള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. എനിക്ക് രണ്ട് പെണ്‍മക്കളാണ്. ഒരു മകനെ പോലെയാണ് ഞാന്‍ ഹരികുമാറിനെ കണ്ടിരുന്നത്. ഒരു സഹായി എന്ന നിലയില്‍ ഉപകാരമായിരുന്നു. അയാള്‍ നന്നായി തിമില വായിക്കുന്നതിനാല്‍ എനിക്ക് അയാളോട് നല്ല ഇഷ്ടം തോന്നിയിരുന്നു. 

കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ സ്വഭാവത്തില്‍ മാറ്റം വന്നു. മാനസികവൈകല്യമുള്ളതു പോലെയായിരുന്നു. അങ്ങനെ അയാളുടെ അച്ഛനെയും അമ്മയെയും വിവരം അറിയിച്ച് തിരികെ അയച്ചു. 

ഏഴ് മാസം മുമ്പ് ശ്രീതു എന്നെ കാണാന്‍ വന്നിരുന്നു. കൂടെ അവരുടെ ഭര്‍ത്താവുമുണ്ടായിരുന്നു. ഹരികുമാറിന്റെ ശമ്പളം വാങ്ങാന്‍ വന്നിരുന്നത് അമ്മയും സഹോദരിയുമായിരുന്നു. 

ഞാന്‍ അവരില്‍നിന്ന് ഒരു തുക പോലും വാങ്ങിയിട്ടില്ല. എന്റെ ഫോണ്‍ പരിശോധിക്കാം. ഞാന്‍ അവരില്‍നിന്ന് കാശ് വാങ്ങിയതിന്റെ എന്തെങ്കിലും തെളിവുണ്ടോ. അതും പോലീസിന് പരിശോധിക്കാം. എനിക്കെതിരേയുള്ളത് കള്ളപ്പരാതിയാണ്. 

ജ്യോത്സന്മാരെ തെറ്റായിക്കാണിക്കാനുള്ള എന്തോ ഒരു ഗൂഢാലോചന ഇതിലുണ്ട്. എന്റെ കൂടെ നിന്ന് പോയതിന് ശേഷം അയാള്‍ വേറെ പലരുടെയും കൂടെ പോയതായി അറിഞ്ഞു. ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോയിട്ടില്ല...'' - ദേവീദാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇയാളെ കുട്ടിയുടെ അമ്മ ശ്രീതു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ദേവീദാസനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ദേവീദാസനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 

 

Advertisment