/sathyam/media/media_files/xqZyBFhWMNfmpZcUoyPi.jpg)
കോട്ടയം: പ്രചാരണ രംഗത്ത് ഇതുവരെ കണ്ടതൊന്നുമല്ല മുന്നണികള്‍ ഇന്നത്തേയ്ക്കു കരുതിയിരിക്കുന്നത് കൊട്ടും പാട്ടും ഡി.ജെയുമൊക്കെയായി ഇന്നു നഗരം കിടുങ്ങും. തെരഞ്ഞെടുപ്പു പൂരത്തിന്റെ ആവേശ കൊടിയിറക്കത്തിനായി സര്‍വ ആയുധങ്ങളും ഒരുക്കിയിട്ടുണ്ട് മുന്നണികള്‍.
പരമാവധി കളര്‍ഫുള്ളാക്കി കലാശപോരാട്ടത്തില്‍ കളംപിടിക്കുകയാണു മുന്നണികളുടെ ലക്ഷ്യം. നിയോജക മണ്ഡലം, പഞ്ചായത്ത് അടിസ്ഥാനത്തിലും കലാശക്കൊട്ട് ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിയുമ്പോള്‍ മുതല്‍ പ്രചാരണ വാഹനങ്ങള്‍ നഗരത്തിലേക്കു കേന്ദ്രീകരിച്ചു തുടങ്ങും. അതിനു മുമ്പായി സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തിയിരിക്കും. ഇനിയും കാണാത്തവരെ കണ്ടും ഒരുക്കങ്ങള്‍ വിലയിരുത്തിയും നിര്‍ദേശങ്ങള്‍ നല്‍കിയുമുള്ള ഓട്ടത്തിനു ശേഷം ഉച്ചയോടെ സ്ഥാനാര്‍ഥികള്‍ കോട്ടയത്ത് എത്തും.
പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്നും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തീരുമാനം. രാവിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണു റോഡ് ഷോ. ഞാലിയാകുഴിയില്‍ നിന്ന് ആരംഭിച്ച് പുതുപ്പള്ളി, മീനടം, കൂരോപ്പട, പാമ്പാടി, അകലകുന്നം, അയര്‍ക്കുന്നം വഴി മണര്‍കാട് സമാപിക്കും. തുടര്‍ന്നു വടവാതൂരില്‍ നിന്നും തുടങ്ങുന്ന റോഡ്ഷോ.
കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട്, തിരുവാതുക്കല്‍, ചുങ്കം, സംക്രാന്തി, നാഗമ്പടം, കലക്ടറേറ്റ്, കെ.കെ. റോഡ് വഴി രാജീവ് ഗാന്ധി കോംപ്ലക്സിലേക്ക് എത്തും. കലാശക്കൊട്ടിനു സ്ഥാനാര്‍ഥിക്കൊപ്പം എല്‍.ഡി.എഫ് നേതാക്കളുമുണ്ടാകും. 5000ത്തിലേറെ പ്രവര്‍ത്തകര്‍ കൊട്ടിക്കാലാശത്തില്‍ പങ്കെടുക്കും. എല്‍.ഡി.വൈ.എഫ്.നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലിയുമുണ്ട്.
യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്റെ കലാശക്കൊട്ട് പ്രകടനം ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കും. മനോരമ ജങ്ഷനില്‍ നിന്നാരംഭിച്ചു കെ.കെ റോഡ് വഴി സെന്‍ട്രല്‍ ജങ്ഷനിലൂടെ ഗാന്ധി സ്‌ക്വയറില്‍ സമാപിക്കുന്ന രീതിയിലാണു കലാശക്കൊട്ട് ഒരുക്കിയിരുക്കന്നത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയും നഗരത്തില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടിക്കലാശം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us