കുമളി: വണ്ടിപ്പെരിയാര്‍ ടൗണിലെ പഞ്ചായത്ത് വക കിണറ്റില്‍ പൂച്ച ചത്തുകിടന്നതറിയാതെ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത വണ്ടിപ്പെരിയാര്‍ ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. കിണറിനുസമീപത്തെ ചെറുകിട ചായക്കടകള്‍ ഉള്‍പ്പടെയാണ് അടച്ചിടാന്‍ നിര്‍ദ്ദേശം.
ബുധനാഴ്ച രാവിലെ ടൗണിലെ ചുമട്ടുതൊഴിലാളികളാണ് കിണറ്റില്‍ പൂച്ച ചത്തുകിടക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ കിണര്‍ വൃത്തിയാക്കാന്‍ നടപടി സ്വീകരിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ച മുഴുവന്‍ പേരും വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകള്‍ കഴിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അടച്ചിട്ട കടകള്‍ ഇരട്ട ക്ലോറിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതരുടെ നിബന്ധനകള്‍ പാലിച്ചുമാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.