/sathyam/media/media_files/VDU7Ew91sSQQhSBrDFGG.jpg)
കൊല്ലം: അഞ്ചലില്‍ മോഷണക്കേസില്‍ ആളുമാറി അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിയേണ്ടിവന്നതിനെതിരേ നിയമനടപടികള്‍ നടത്തിവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
പോലീസിനെതിരേ കോടതിയില്‍ കേസ് നടത്തിവന്ന അഞ്ചല്‍ അഗസ്ത്യക്കോട് രതീഷ്ഭവനില്‍ രതീഷി(38)നെയാണ് വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രതീഷ് അഞ്ചല്‍ പോലീസിനെതിരേ നടത്തിവന്ന കേസില്‍ കോടതിവിധി വരാനിരിക്കെയാണ് മരണം.
2014ല്‍ അഞ്ചലിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍നിന്ന് എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തില്‍ രതീഷിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താനല്ല മോഷ്ടിച്ചതെന്ന് രതീഷ് കേണുപറഞ്ഞിട്ടും പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ബസും ഓട്ടോയും ഓടിച്ച് കുടുംബം പുലര്‍ത്തിവരികയായിരുന്നു രതീഷ്. ആളുമാറി അറസ്റ്റ് ചെയ്ത പോലീസ് കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചിരുന്നെന്ന് രതീഷിന്റെ ഭാര്യ രജനി പറഞ്ഞു.
ആരോഗ്യം വഷളായി. പോലീസിനെതിരേ കേസ് നടത്തി സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത നിലയിലായെന്നും അവര്‍ പറഞ്ഞു. അഞ്ചല്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us