ഓച്ചിറ: പടനിലത്തുവെച്ച് ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീ മരിച്ചു. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്തുവിളയില്‍ വിലാസിനി(56)യാണ് മരിച്ചത്.
പടനിലത്ത് ഭിക്ഷാടനവും നോട്ടിനുപകരമായി നാണയം നല്‍കുകയും ചെയ്തുവരികയായിരുന്നു ഇവര്‍. കഴിഞ്ഞ 22നു പുലര്‍ച്ചെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിനു സമീപമായിരുന്നു സംഭവം. മറ്റൊരു ഭിക്ഷാടകനായ കൊട്ടാരക്കര പള്ളിക്കല്‍ പുതുവല്‍വീട്ടില്‍ സുകുമാരന്‍ (64) റബര്‍പാല്‍ ഉറയൊഴിക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഇവരുടെ മുഖത്തും ശരീരത്തിലും ഒഴിക്കുകയായിരുന്നു.
ഗുരുതര പൊള്ളലേറ്റ വിലാസിനി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. അറസ്റ്റിലായ സുകുമാരന്‍ റിമാന്‍ഡിലാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. വിലാസിനി മറ്റൊരാളുമായി ചങ്ങാത്തത്തിലായെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.