/sathyam/media/media_files/fnJ5Xax30Qq8eQ0NYlm6.jpeg)
കൊല്ലം: രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പട്ടത്താനം ചെമ്പകശേരിയില്‍ ജവഹര്‍നഗറില്‍ ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), മകള്‍ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്നാണ് ജോസ് പ്രമോദ് മക്കളെ കൊന്ന് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. പ്രമോദും ഭാര്യ ഡോ. ലക്ഷ്മിയും തമ്മില്‍ കുറച്ച് നാളായി അകല്‍ച്ചയിലായിരുന്നു. പി.ജി. പഠനത്തിന് തയ്യാറെടുക്കാനായി ലക്ഷ്മി തൊട്ടടുത്തുള്ള എസ്.എന്‍.വി. സദനത്തില്‍ താമസിച്ചാണ് പഠനം നടത്തുന്നത്.
ഏറെ നാളായി ഇവര്‍ വീടുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ഒമ്പതാം ക്ലാസ് മുതലുള്ള പ്രണയത്തിന് ശേഷമാണ് പ്രമോദ് ജോസും ലക്ഷ്മിയും വിവാഹം കഴിക്കുന്നത്. ഓട്ടോ ഡ്രൈവറയാരുന്ന പ്രമോദ് പിന്നീട് ഗള്‍ഫില്‍ ജോലി തേടി പോയി. എന്നാല്‍ എട്ട് വര്‍ഷത്തോളമായി പ്രമോദ് ജോലിക്കൊന്നും പോയിരുന്നില്ല. സ്ഥിരം മദ്യപാനിയായിരുന്ന പ്രമോദും ഭാര്യയും തമ്മില്‍ വഴക്കുകളുണ്ടായിരുന്നു. തുടര്‍പഠനത്തിനായി ലക്ഷ്മി മറ്റൊരിടത്തോക്ക് മാറിയതിന് പിന്നാലെ കുടുംബവുമായി ഏറെ അകല്‍ച്ചയിലായിരുന്നു.
ഇക്കാരണങ്ങളിലാകാം പ്രമോദ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്‌സ് ആപ്പില്‍ മെസേജ് അയച്ചിരുന്നു. അര്‍ദ്ധരാത്രി 1.55നാണ് മെസേജ് ലഭിച്ചത്. എന്നാല്‍, ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്റെ അമ്മയെ വിളിച്ചറിയിച്ചു.
ലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us