/sathyam/media/media_files/2025/02/21/2nQM34fDQAlRkGVlWNzu.jpg)
കണ്ണൂര്‍: തലശേരിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച് സി.പി.എം. പ്രവര്‍ത്തകര്‍. സംഭവത്തില്‍ 55 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പ്രതിയെ പോലീസ് വാഹനത്തില്‍നിന്ന് ഇറക്കികൊണ്ടുപോയ ശേഷം പോലീസുകാരെ ക്ഷേത്രപരിസരത്ത് പൂട്ടിയിടുകയായിരുന്നു.
കഴിഞ്ഞ ദിവസം മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 27 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് സംഘം വ്യാഴാഴ്ച ഇവിടെ എത്തിയപ്പോഴായിരുന്നു സംഭവം.
കേസിലെ ഒന്നാം പ്രതി ബിബിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തില്‍നിന്ന് പ്രതിയെ ബലമായി പിടിച്ചിറക്കുകയായിരുന്നു. പോലീസിനെ ഇവര്‍ പൂട്ടിയിടുകയും ചെയ്തു. ആക്രമണത്തില്‍ തലശേരി എസ്ഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം ബുധനാഴ്ച അര്‍ധരാത്രിയോടെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിപ്പിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് വിളിച്ചു. ഇത് സി.പി.എം-ബി.ജെ.പി. സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.
ഇത് തടയുന്നതിനിടെ സി.പി.എമ്മുകാര്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം തലശേരി സ്റ്റേഷനില്‍ കാണില്ലെന്നും പ്രതികള്‍ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us