/sathyam/media/media_files/WgmzT40wZorYRJAG2wll.jpg)
കൊല്ലം: ഓയൂരില്‍നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിക്കൊണ്ടു പോയി പാര്‍പ്പിച്ച വലിയ വീട്ടില്‍ വച്ച് ലാപ്പ്‌ടോപ്പില്‍ കാര്‍ട്ടൂണ്‍ വീഡിയോ കാണിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. ഏതു കാര്‍ട്ടൂണാണ് കാണിച്ചത്, സമയം തുടങ്ങിയ വിവരങ്ങള്‍ പോലീസ് സംഘം കുട്ടിയില്‍നിന്നു ചോദിച്ചറിഞ്ഞു. 27നു രാത്രി ഈ കാര്‍ട്ടൂണ്‍ കണ്ട കമ്പ്യൂട്ടര്‍ സംബന്ധിച്ച വിശദാംശങ്ങളും പോലീസ് തേടി. ഈ അന്വേഷണത്തിലാണ് പത്മകുമാറിന്റെ വീട്ടിലെ ലാപ് ടോപ്പില്‍ നിന്നാണ് കുട്ടി വീഡിയോ കണ്ടതെന്നു വ്യക്തമായത്.
കുട്ടിയെ കൊല്ലം നഗരത്തിലേക്ക് എത്തിച്ച നീല നിറത്തിലുള്ള കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഴിത്തിരിവായി. കുട്ടിയെ 27നു വൈകിട്ടാണ് വെള്ള കാറില്‍ വന്നു പത്മകുമാറും സംഘവും കടത്തിയത്. പിറ്റേ ദിവസം നീല നിറത്തിലുള്ള കാറില്‍ ആശ്രാമം മൈതാനത്ത് എത്തിച്ചെന്നാണ് കുട്ടിയുടെ മൊഴി. അതിനിടെ സംഘത്തിലെ അംഗമായ യുവതി കുട്ടിയുമായി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം വന്നിറങ്ങിയ നീല കാറിന്റെ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഈ കാറിന്റെ നമ്പറും ഫോണ്‍ നമ്പറും കണ്ടെത്തിയതും പ്രതികളിലേക്കെത്താന്‍ സഹായമായി.
ഒരു കാര്‍ കണ്ടെടുത്ത വര്‍ക്കല അയിരൂരില്‍നിന്നുള്ളയാളുടെ മൊഴിയും നിര്‍ണായകമായി. പ്രതികളുടെ രേഖാചിത്രം ശ്രദ്ധയില്‍പ്പെട്ട അയിരൂര്‍ സ്വദേശി സംശയമുള്ള ആളിനെക്കുറിച്ച് പോലീസിനു വിവരം നല്‍കിയിരുന്നതായും സൂചനയുണ്ട്. ഫെയ്സ്ബുക്കിലെ ചിത്രങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
പാരിപ്പള്ളി കിഴക്കനേലയില്‍ ഗിരിജയുടെ കടയില്‍നിന്നു ലഘുഭക്ഷണം വാങ്ങാന്‍ തട്ടിക്കൊണ്ടുപോകല്‍ സംഘം ആശ്രയിച്ച ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസന്വേഷണത്തില്‍ സഹായകമായ ഒരു ഘടകം. കല്ലുവാതുക്കല്‍ സ്വദേശി സലാഹുദ്ദീന്റെ ഓട്ടോയില്‍ പാരിപ്പള്ളിയില്‍നിന്നാണ് സംഘത്തിലെ രണ്ടുപേര്‍ കയറിയത്. കുട്ടിയെ തട്ടിയെടുത്ത സംഘത്തിലുള്‍പ്പെട്ടവരാണ് തന്റെ ഓട്ടോയില്‍ സഞ്ചരിച്ചതെന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീട് അറിഞ്ഞപ്പോള്‍ ഭയന്നിട്ടാണ് വിവരം പോലീസില്‍ അറിയിക്കാതിരുന്നതെന്നുമാണ് സലാഹുദ്ദീന്‍ നല്‍കിയ മൊഴി.
കിഴക്കനേലയില്‍നിന്നു സാധനങ്ങളും വാങ്ങിയ ഇവരെ കാട്ടുപുതുശ്ശേരി ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. നൂറുരൂപ ഓട്ടോക്കൂലി നല്‍കിയെന്നും സലാഹുദ്ദീന്‍ മൊഴിനല്‍കി. ഒട്ടേറെ സി.സി.ടിവികള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. മുന്‍ഭാഗത്ത് രണ്ടു ഹെഡ്‌ലൈറ്റുകള്‍, ചുവന്നനിറത്തിലുള്ള ക്യാപ്പ്, വീല്‍ക്കപ്പുകള്‍, കണ്ണാടികളില്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍, എഴുത്ത് തുടങ്ങിയ പ്രത്യേകതകള്‍ സൂക്ഷ്മമായി കണ്ടെത്തുകയും തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലുമാണ് കല്ലുവാതുക്കലില്‍നിന്ന് ഓട്ടോറിക്ഷ കണ്ടെത്തിയത്.
കടയിലെത്തിയ ആള്‍ കാക്കി പാന്റ്സ് ധരിച്ചിരുന്നു എന്ന് ഗിരിജ മൊഴിനല്‍കിയിരുന്നു. സി.സി.ടി.വി. പരിശോധനയില്‍ ഓട്ടോയുടെ പിന്‍സീറ്റിലിരിക്കുന്ന ആള്‍ ധരിച്ചിരുന്ന കാക്കി പാന്റ്‌സും വ്യക്തമായി. ഇങ്ങനെയാണ് ഓട്ടോറിക്ഷയിലേക്കും സലാഹുദ്ദീനിലേക്കും എത്തുന്നത്. പ്രതികളുടെ വീട് കണ്ടെത്താനും പ്രതികളിലേക്കെത്താനും പോലീസിനു സഹായകമായത് ഓട്ടോറിക്ഷയുടെ കണ്ടെത്തലാണ്.
രാത്രി പോലീസ് പത്മകുമാറിന്റെ വീട്ടിലേക്കെത്തിയെങ്കിലും അവിടെയാരും ഉണ്ടായിരുന്നില്ല. പിന്നീട് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് ഇവരെ തെങ്കാശിയില്‍ നിന്നു പടികൂടിയത്. പത്മകുമാറിന്റെ ഫോട്ടോയെടുത്തു കൊല്ലത്തേക്ക് അയച്ച് കുട്ടിയെ കാണിച്ചു ഉറപ്പാക്കിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
ഒരു വര്‍ഷത്തെ ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുക്കാന്‍ മുമ്പ് മൂന്ന് തവണ ശ്രമം നടത്തി. കുട്ടിയെ കാറിലേക്ക് പിടിച്ചു കയറ്റിയതു ഭാര്യയെന്നും മൊഴിയിലുണ്ട്. കല്ലുവാതുക്കലിനു സമീപം എത്തിയപ്പോള്‍ പത്മകുമാറും ഭാര്യയും ഓട്ടോയില്‍ കയറി.
തട്ടിക്കൊണ്ടു പോയതും കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ചതുമെല്ലാം മൂന്ന് പേരും ചേര്‍ന്നാണ്. താനും ഭാര്യയും മകളും ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും മറ്റാരും സഹായിച്ചില്ലെന്നും മൊഴിയുണ്ട്. പത്ത് ലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടത് ഭാര്യയാണ്. പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. അടൂര്‍ കെ.എ.പി. മൂന്നാം ബറ്റാലിയന്‍ ക്യാമ്പിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us