കോട്ടയം: കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ തുടരണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോട്ടയത്ത് ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസംഗം.
എല്ലാ വിഘ്‌നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തില്‍ തന്നെ ഗവര്‍ണറായി വരട്ടെയെന്ന് ആശംസിക്കുന്നു. വീണ്ടും കേരള ജനതയ്ക്ക് മുന്നില്‍ ഒരു ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് നില്‍ക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ്.
കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രസംഗം. എന്നാല്‍, പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ ഗവര്‍ണര്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.
അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ കുറെയേറെ ശരികളുണ്ട്. ഒപ്പം യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളുണ്ട്. ഭരണപരമായ ആധിപത്യമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കണം. ഗവര്‍ണറുടെ പോസിറ്റീവ് കാര്യങ്ങളെ സ്വാഗതം ചെയ്യുകയാണ്.
യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളോട് വിയോജിപ്പ് അപ്പപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗവര്‍ണര്‍ തുടരുന്നു എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.