സുല്‍ത്താന്‍ ബത്തേരി: നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്നുപേര്‍ പിടിയില്‍. കല്‍പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് (20), പള്ളിയാല്‍ വീട്ടില്‍ പി. നസീഫ് (26) എന്നിവരെയാണ് തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത്.
ബത്തേരി ചുങ്കം ജങ്ഷനില്‍ വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. മാരുതി ആള്‍ട്ടോ കാറിന്റെ ഡിക്കിയില്‍ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും തിരകളുമാണ് കണ്ടെടുത്തത്.
ഇലക്ഷന്‍ സ്‌പെഷല്‍ ഫ്‌ളയിങ് സ്‌ക്വാഡ് ഇന്‍ചാര്‍ജ് കെ.ജി. രേനകുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ മോഹനന്‍, സിവില്‍ പോലീസ് ഓഫിസര്‍ അജിത് എന്നിവരാണ് ഫ്‌ളയിങ് സ്‌ക്വാഡ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.