ആഗോള അയ്യപ്പസംഗമം പ്രതിനിധികളായി ബുക്ക്‌ചെയ്തിട്ടുള്ളത് 4500 പേർ. പങ്കെടുക്കാൻ സാധിക്കുക 3000 പേർക്കു മാത്രം. പ്രതിനിധികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

New Update
a80020c4-ade9-4508-ac74-15791d9e52aa

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിൽ പ്രതിനിധികളായി പങ്കെടുക്കാൻ ബുക്ക്‌ചെയ്തിട്ടുള്ളത് 4500 പേർ. നിലവിലെ കണക്കുകൾ പ്രകാരം എണ്ണം ഇനിയും കൂടാനുള്ള സാഹചര്യമുണ്ട്. സെപ്റ്റംബര്‍ 20-നാണ് പമ്പയില്‍ അയ്യപ്പസംഗമം നടക്കുന്നത്. സംഗമത്തിൻ്റെ ഭാഗമായി പമ്പയിൽ കുറ്റൻ പന്തൽ നിർമാണം പുരോഗമിക്കുകയാണ്. 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തിനായി ജര്‍മന്‍ പന്തലാണ് നിര്‍മിക്കുന്നത്. 

Advertisment

വിദേശത്ത് നിന്നും ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾക്കാണ് സം​ഗമത്തിൽ പങ്കെടുക്കാനാവുക. 4500 പേരിൽ ശബരിമല പോർട്ടലിൽ ആദ്യം രജിസ്ട്രർ ചെയ്തവർക്കാകും മുൻ​ഗണന. വിവിധ സ്ഥലങ്ങളിൽ നിന്ന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ കണക്കിന് ആനുപാദികമായാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുക. കേരളത്തിൽ നിന്ന് - 500, ആന്ധ്ര - തെലങ്കാനയിൽ നിന്ന് -750, മറ്റ് സംസ്ഥാനങ്ങളിൽ -200, വിദേശത്ത് നിന്നുള്ളവർ - 500 എന്നിങ്ങനെ ആകെ 3000 പ്രതിനിധികളെ പങ്കെടുപ്പിക്കും. 

സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരിമലയുടെ ഭാവി വികസന പദ്ധതികളും വേദിയില്‍ ചർച്ചയാകും. ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 

പ്രതിനിധികളെ സ്വീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസസൗകര്യം, പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം എന്നിവ ഒരുക്കുന്ന നടപടികളും പൂർത്തിയാകുന്നു. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികിത്സാ സൗകര്യവും ഏർപ്പെടുത്തും.  അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തര്‍ക്കാണ് നിയന്ത്രണമുണ്ടാവുക. ഈ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി കുറച്ചിട്ടുണ്ട്. എന്നാൽ, പ്രതിനിധികൾക്ക് ദർശനം നടത്തണമെങ്കിൽ അതിന് സൗകര്യമൊരുക്കും.

അതേസമയം, പ്രതിപക്ഷവും ബി.ജെ.പിയും അയ്യപ്പ സംഗമത്തിന് എതിരാണ്. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സർക്കാർ ഇപ്പോൾ അയ്യപ്പ സംഗമവുമായി ഇറങ്ങിയിരിക്കുന്നതെന്നാണ് ഇരുകൂട്ടരുടെയും വാദം.  എൻ.എസ്.എസും എസ്.എൻ.ഡി.പിയും സംഗമതിൽ പങ്കെടുക്കും.ശബരിമല ആചാര സംരക്ഷണം ഉറപ്പാക്കികൊണ്ടുള്ള ഉപാധികളോടെയാണ് എസ്എന്‍ഡിപി യോഗവും എന്‍എസ്എസും ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചതും പ്രതിനിധികളെ അയക്കുമെന്ന് വ്യക്തമാക്കിയതും. സംഗത്തിന് പിന്തുണ തേടി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് പന്തളം കൊട്ടാരം പ്രതിനിധികളെ സന്ദർശിച്ചിരുന്നു.  എന്നാൽ, പങ്കെടുക്കണോ വേണ്ടയോ എന്ന് ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്നാണ് പന്തളം കൊട്ടാരം അറിയിച്ചത്.

Advertisment