കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ മുകളിലുള്ള കുഴികളും പാലവും അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തെ കട്ടിങ്ങും യാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കോണ്‍ക്രീറ്റ് ഇളകി, അനുദിനം വളരുന്ന കുഴികള്‍ ഇരുചക്രവാഹന യാത്രക്കാരിലാണു ഭീതി വിതയ്ക്കുന്നത്.
പാലത്തിന്റെ ഇരുവശത്തെയും കട്ടിങ്ങ് അടുത്തിടെ ടാര്‍ ചെയ്തു അപകട സാധ്യത ഒഴിവാക്കിയിരുന്നുവെങ്കിലും വീണ്ടും കട്ടിങ്ങ് രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നാഗമ്പടത്തു മീനച്ചിലാറിനു കുറുകെയുള്ള പാലത്തിന്റെ കട്ടിങ് ഒട്ടേറെ വാഹനയാത്രക്കാരുടെ നടുവൊടിക്കുകയാണ്.
എം.സി. റോഡില്‍ നാഗമ്പടം മുതല്‍ കോടിമത വരെയുള്ള കോട്ടയം നഗരഹൃദയത്തിലും കുഴികള്‍ രൂപപ്പെട്ടു ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. പൊളിച്ചുമാറ്റിയ നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിലായാണു റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഒന്നിലേറെ കുഴികളാണ് ഇവിടെയുള്ളത്.
കുഴികള്‍ ഒഴിവാക്കി വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ മടിക്കുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്ന ഭാഗത്തോടു ചേര്‍ന്നാണു കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി രൂപപ്പെട്ടിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. രാത്രിയില്‍ പാഞ്ഞെത്തുന്ന വാഹനങ്ങള്‍ കുഴികള്‍ കണ്ട് പെട്ടെന്നു വലത്തേയ്ക്കു വെട്ടിക്കുന്നതും അപകടത്തില്‍ കലാശിക്കുന്നുണ്ട്.
കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരും തലനാരിഴയ്ക്കാണു രക്ഷപ്പെടുന്നത്. കുഴികള്‍ മൂടി റോഡ് റീടാര്‍ ചെയ്യാന്‍ അടിയന്തര നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ടൗണിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ രൂപപ്പെട്ട കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കെ.കെ. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട ചെറുകുഴികള്‍ ഇരുചക്ര വാഹന യാത്രക്കാരെ വീഴിക്കുന്നുണ്ട്. എം.സി. റോഡില്‍ ഒന്നിലേറെ സ്ഥലങ്ങളില്‍ ഇത്തരം അപകടക്കുഴികളുണ്ട്.