വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വര്‍ണ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി. ബാങ്ക് ശാഖ മാനേജര്‍ തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി മധ ജയകുമാറിനെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഈ മാസം 30 വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയത്. നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിരിച്ച് ഹാജരാക്കുകയായിരുന്നു.
ബാങ്കില്‍ നിന്നും നഷ്ടപ്പെട്ട പണയ സ്വര്‍ണം ഇനിയും വീണ്ടെടുക്കാനുണ്ട്. ഇവ കണ്ടെത്താനും ഇയാളുടെ ബിനാമിയായി പ്രവര്‍ത്തിച്ച ഡി.ബി.എസ്. ബാങ്ക് കരാര്‍ ജീവനക്കാരന്‍ കാര്‍ത്തികിനെ കണ്ടെത്താനുമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.
ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കാര്‍ത്തിക് ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.