റോസാച്ചെടികള്‍ നിറയെ പൂക്കാന്‍

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് റോസ് നടുവാന്‍ ഏറ്റവും നല്ല സമയം.

New Update
cb23a41c-eb08-415a-b025-35e9621bad5a

ചില കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാല്‍ നമ്മുടെ വീട്ടിലും റോസാച്ചെടികള്‍ മനോഹരമായി നിലനിര്‍ത്തുവാന്‍ സാധിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് റോസ് നടുവാന്‍ ഏറ്റവും നല്ല സമയം.

Advertisment

റോസാചെടി പൂച്ചെടിയിലും നിലത്തും നട്ടുവളര്‍ത്താം. എവിടെയാണെങ്കിലും നല്ല സൂര്യപ്രകാശം ആവശ്യമാണ്. റോസ ചെടി ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുന്നതിന് മണ്ണും, മണലും, ചാണകപ്പൊടിയും ചകിരിച്ചോറും, എല്ലുപൊടിയും കൂട്ടിക്കലര്‍ത്തി ചെടിച്ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം നിറയ്ക്കുക. 

അതിലേക്ക് റോസയുടെ നടേണ്ട ഭാഗം വളര്‍ച്ചാ ഹോര്‍മോണില്‍ മുക്കി നട്ടുപിടിപ്പിക്കുക. റോസാച്ചെടി സാധാരണ പിടിച്ചു കിട്ടാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ടുതന്നെ തീര്‍ച്ചയായും വളര്‍ച്ചഹോര്‍മോണില്‍ മുക്കിയിട്ട് നടുവാന്‍ ശ്രദ്ധിക്കണം. റോസ തളിര്‍ത്തു വരുന്നതുവരെ തണലത്തു വയ്ക്കുക, വെള്ളം തളിച്ചുകൊടുക്കുക. റോസ തളിര്‍ത്തു വന്നതിനുശേഷം മാത്രം വെയിലത്തേക്ക് മാറ്റി വയ്ക്കുക.

അടുക്കളയില്‍ നിന്ന് കിട്ടുന്ന തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊണ്ട്, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം ചെടി നന്നായി വളരുന്നതിനും നന്നായി പൂക്കുന്നതിനും സഹായിക്കും. തേയില ചണ്ടി, മുട്ടത്തോട്, പഴത്തൊലിഎന്നിവ വെള്ളം ചേര്‍ത്ത് അരച്ച് റോസാച്ചെടിയ്ക്ക് ഒഴിച്ചുകൊടുക്കുന്നത് നിറയെ പൂക്കള്‍ ഉണ്ടാകുന്നതിന് സഹായിക്കും. 

ജൈവ സ്ലറി ഒഴിച്ചുകൊടുത്താല്‍ ചെടികള്‍ നന്നായി വളരുകയും നല്ല വലുപ്പമുള്ള പൂക്കള്‍ ഉണ്ടാകുകയും ചെയ്യും. റോസാ പൂക്കള്‍ കൊഴിഞ്ഞു പോയതിനുശേഷം ആ കമ്പ് കവാത്ത് ചെയ്ത് നിര്‍ത്തണം എന്നാലാണ് പുതിയ നല്ല തളിര്‍പ്പുകള്‍ വരുകയും, നന്നായി പൂക്കുകയും ചെയ്യുകയുള്ളൂ.

അഴകും സുഗന്ധവും ഒത്തുചേര്‍ന്ന റോസാപൂക്കള്‍ പല നിറത്തിലും വലിപ്പത്തിലും ഉണ്ട്. സാധാരണ റോസാച്ചെടിയെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുമിള്‍ രോഗം. ഏതെങ്കിലും തരത്തിലുള്ള കുമിള്‍രോഗം കണ്ടാല്‍ അസുഖം വന്ന ഇലകളും, തണ്ടും മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. അല്ലെങ്കില്‍ മറ്റുള്ള റോസ് ചെടിക്കും ഫംഗസ് രോഗം പിടിക്കും. 

റോസാ ചെടിയില്‍ കാണുന്ന പ്രധാനപ്പെട്ട ഒരു കുമിള്‍ രോഗമാണ് ഇലകളിലെ കറുപ്പ്‌പൊട്ട്. ഇലകള്‍ മഞ്ഞ നിറത്തിലും അതില്‍ കറുപ്പ് നിറത്തിലുള്ള പൊട്ടും കാണുന്നു. മഴക്കാലത്താണ് കൂടുതലായും ഈ അസുഖം കാണപ്പെടുന്നത്. ജലാംശം കൂടുതല്‍ കെട്ടി കിടക്കുന്നതാണ് ഈ അസുഖം ഉണ്ടാകുവാന്‍ പ്രധാന കാരണം. അതുകൊണ്ടുതന്നെ റോസാച്ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം

ധാരാളം ഇലകള്‍ തിങ്ങിനിക്കുകയാണെങ്കില്‍ കുറച്ച് കമ്പുകള്‍ കവാത്ത് ചെയ്ത് നിര്‍ത്തണം. വേപ്പെണ്ണ എമല്‍ഷന്‍ ഇലകളിലെ കറുപ്പ് പൊട്ടിന് വളരെ നല്ലതാണ്. അരലിറ്റര്‍ വെള്ളത്തില്‍ 60 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് ചെടികളില്‍ തളിച്ചുകൊടുക്കുക. 

കുമിള്‍ രോഗത്തിനുള്ള മറ്റൊരു പ്രതിവിധിയാണ് രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി റോസാ ചെടിയില്‍ തളിച്ചുകൊടുക്കുക. നാല് ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക. രണ്ടാഴ്ചത്തേക്ക് ഇതു തുടരുക തീര്‍ച്ചയായും കുമിള്‍ രോഗങ്ങള്‍ വരാതിരിക്കുന്നതിന് മാസത്തില്‍ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

റോസാ ചെടി നനയ്ക്കുന്നതിന് മുമ്പായിട്ട് ഇയുടെ മുകള്‍ഭാഗവും അടിഭാഗവും ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. ഒന്ന് ശ്രദ്ധിക്കുകയാണെങ്കില്‍ റോസയെ ബാധിക്കുന്ന അസുഖങ്ങളെ കണ്ടുപിടിക്കാനും, റോസ യെ കാര്‍ന്നുതിന്നുന്ന ചെറിയ പ്രാണികളെ കണ്ടുപിടിക്കാനും എളുപ്പമായിരിക്കും. 

റോസയുടെ ഇലകളുടെ അടിയില്‍ ചെറിയ ഇലപേനുകള്‍ കാണാറുണ്ട്. ഇല പേനുകള്‍ ഇലയിലെ നീര് ഊറ്റിക്കുടിച്ച് ഇലയുടെ പച്ചപ്പ് നഷ്ടപ്പെടുന്നതിന് കാരണമാകുകയും, ഇതിന്റെ ഫലമായി ഇലകള്‍ കൊഴിഞ്ഞു പോകുകയും ചെടികള്‍ തന്നെ നശിച്ചു പോകുന്നതായും കാണാറുണ്ട്. 

റോസയുടെ തണ്ടില്‍ ശല്‍ക്കകീടങ്ങള്‍ പറ്റിപ്പിടിച്ചിരുന്ന് റോസയുടെ തണ്ട് ഉണങ്ങി പോകുന്നതിന് കാരണമാകാറുണ്ട്. റോസിന്റെ പൂമൊട്ടില്‍ ഇല പേനകള്‍ വന്നിരുന്ന് നീരൂറ്റി കുടിക്കുകയും, പൂവ് ഭംഗി ഇല്ലാതിരിക്കുകയും, കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിനെല്ലാം വേപ്പെണ്ണ എമല്‍ഷന്‍ വളരെ നല്ലതാണ്. 

ഏതു തരത്തിലുള്ള റോസാച്ചെടി ആണെങ്കിലും ഇലകളിലെ മുരടിപ്പ് രോഗം മാറാന്‍ വേണ്ടി പഴങ്ങഞ്ഞി വെള്ളം നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കാം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വളരെ നന്നായിട്ട് നമ്മുടെ വീടുകളില്‍ റോസാച്ചെടി വളരുകയും നന്നായി പൂക്കുകയും ചെയ്യും.

Advertisment