സതീശന്റെ വിമര്‍ശനം ഏറ്റു, അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കാരണം കണ്ടെത്താന്‍ കേന്ദ്രവുമായി ചേര്‍ന്ന് പഠനത്തിന് തീരുമാനം,  കുളത്തിലെ വെള്ളമാണ് കാരണമെന്ന് കരുതിയെങ്കിലും നാലുമാസമായ കുട്ടിയും മരിച്ചെന്നും കിണര്‍വെള്ളം ഉപയോഗിച്ചവര്‍ക്കും രോഗമെന്നും ആക്ഷേപം, ഇന്ത്യയില്‍ 25ശതമാനം കേസുകള്‍ക്കേ കാരണം കണ്ടെത്താനായുള്ളൂവെന്ന് സര്‍ക്കാര്‍; കോവിഡിനും നിപ്പയ്ക്കും പിന്നാലെ ആരോഗ്യമേഖലയ്ക്ക് വെല്ലുവിളിയായി മസ്തിഷ്‌കജ്വരം

മലിനവെള്ളത്തില്‍ മുങ്ങി കുളിയ്ക്കുമ്പോള്‍ നെഗ്ലേരിയ ഫൗളേരി അമീബ അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാണ് രോഗം ബാധിച്ചിരുന്നത്.

New Update
8b8d819b-33ee-4304-9a78-21a72c549dd8

തിരുവനന്തപുരം: കാരണം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകന്‍ കുരിക്കളകത്ത് അബ്ദുറഹിമാനാ(59)ണ് മരിച്ചത്. 

Advertisment

ന്യൂമോണിയ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 15ദിവസത്തിനിടെ എട്ടുപേര്‍ മരിച്ചെന്നും 120ലേറെ രോഗികളായെന്നും അപകടകരമായ സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.  

കാരണം കണ്ടെത്താനോ ചികിത്സാ പ്രോട്ടോക്കോളുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. മരണനിരക്ക് കൂടിയിട്ടും സര്‍ക്കാരിന്റെ പ്രതിരോധം ദുര്‍ബലമാണ്. ഉറവിടം കണ്ടെത്തുന്നതില്‍ പൂര്‍ണപരാജയമാണ്- സതീശന്‍ കുറ്റപ്പെടുത്തിയത് ഇങ്ങനെയാണ്. എന്നാല്‍ മസ്തിഷ്‌കജ്വരത്തിന് ചികിത്സാ-പരിശോധനാ ചട്ടവും ആക്ഷന്‍പ്ലാനും ലോകത്താദ്യമുണ്ടാക്കിയത് കേരളത്തിലാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

രാഷ്ട്രീയ വാദ, പ്രതിവാദങ്ങള്‍ ഇങ്ങനെയിരിക്കെ, അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്തുന്നതില്‍ കൂട്ടായ പരിശ്രമങ്ങളോ ഗൗരവകരമായ ചര്‍ച്ചകളോ നടക്കുന്നില്ലെന്ന് ഡോക്ടര്‍മാരും വിമര്‍ശിക്കുന്നു. അമീബ സാന്നിദ്ധ്യം സംശയിക്കുന്ന വെള്ളം കള്‍ച്ചര്‍ ചെയ്യുന്നതില്‍ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകള്‍ പറയുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും കൂട്ടായി സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ ഉറവിടം കണ്ടെത്തുകയാണ് വേണ്ടത്. തുടര്‍ച്ചയായ യോഗങ്ങള്‍ ചേരുന്നതല്ലാതെ കാര്യങ്ങള്‍ക്ക് പുരോഗതിയില്ലെന്നാണ് വിമര്‍ശനം. 

ആദ്യഘട്ടത്തില്‍ രോഗബാധയ്ക്ക് കാരണമായിരുന്ന അമീബയല്ല ഇപ്പോഴത്തെ രോഗത്തിന് കാരണം. എന്നാല്‍ സംസ്ഥാനത്ത് പ്രതിരോധം രണ്ടു വര്‍ഷം മുന്‍പ് രോഗകാരണമായ അമീബ കേന്ദ്രീകരിച്ചാണെന്നും ഒരുവിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു.

നെഗ്ലേരിയ ഫൗളേരി അമീബകളില്‍ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോള്‍ ഗ്രാനുലോമാറ്റസ് അമീബിക് എന്‍സെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എന്‍സെഫലൈറ്റിസാണ്. നേരത്തെ മലിനവെള്ളത്തില്‍ മുങ്ങി കുളിയ്ക്കുമ്പോള്‍ നെഗ്ലേരിയ ഫൗളേരി അമീബ അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാണ് രോഗം ബാധിച്ചിരുന്നത്.

ഇപ്പോള്‍ തൊലിപ്പുറത്തെ മുറിവുകളിലൂടെ രക്തത്തില്‍ കലര്‍ന്ന തലച്ചോറിലെത്തുന്ന അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നത്. കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളത്തില്‍ ഇത്തരം അമീബകളുടെ സാന്നിദ്ധ്യവും കൂടുതലാണെന്നും കൃത്യമായ ഓവുചാല്‍ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാല്‍ സെപ്റ്റിക് ടാങ്കുകളില്‍നിന്നുള്ള വെള്ളം കിണറുകളില്‍ കലരാന്‍ ഇടയാകുന്നതും അപകടകരമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അതേസമയം,  നീന്തല്‍കുളം, വാട്ടര്‍സ്‌പോര്‍ട്‌സ്, വാട്ടര്‍ടാങ്ക്, കനാല്‍, കിണര്‍ എന്നിവയെല്ലാം കാരണമാവാമെന്നാണ് മന്ത്രി വീണാജോര്‍ജ്ജ് വിശദീകരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധം നടത്തുന്നു. ഇത് പകര്‍ച്ചവ്യാധിയല്ല. ആഗോളതലത്തില്‍ 50%, ഇന്ത്യയില്‍ 25% മസ്തിഷ്‌കജ്വരക്കേസുകള്‍ക്കേ കാരണം കണ്ടെത്താനായിട്ടുള്ളൂ. അമീബയേതാണെന്ന് കണ്ടെത്താന്‍ തിരുവനന്തപുരത്ത് ലാബുണ്ട്. കോഴിക്കോട്ട് ഉടന്‍തുടങ്ങും. 

വേഗത്തില്‍ രോഗം കണ്ടുപിടിക്കാനാണ് ശ്രമം. ലോകത്ത് 98 ശതമാനമുള്ള മരണനിരക്ക് ഇവിടെ 24ശതമാനമാണ്. കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ നീന്തുന്നതും മൂക്കില്‍ വെള്ളം കയറ്റുന്നതും ഒഴിവാക്കണം. രോഗപ്രതിരോധം കൂടുതല്‍ ശക്തമാക്കും-മന്ത്രി പറഞ്ഞു.

അതേസമയം, കുളത്തില്‍ കുളിച്ചവര്‍ക്കാണ് രോഗമുണ്ടായതെന്നാണ് മന്ത്രി പറയുന്നതെങ്കിലും 4 മാസമായ കുട്ടിക്കുപോലും രോഗമുണ്ടായെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. കിണര്‍വെള്ളത്തില്‍ നിന്നും രോഗമുണ്ടായി. കാരണം കണ്ടെത്താന്‍ കേന്ദ്രസഹായം തേടിയില്ല. മരണനിരക്ക് കൂടിയിട്ടും സര്‍ക്കാരിന്റെ പ്രതിരോധം ദുര്‍ബലമാണ്. 

ഉറവിടം കണ്ടെത്തുന്നതില്‍ പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിമര്‍ശനം ശക്തമായതോടെ ഐ.സി.എം.ആര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിടം കണ്ടെത്താനുള്ള പഠനം ആരോഗ്യവകുപ്പ് ഉടന്‍ തുടങ്ങും. 

ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി, ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ചണ്ഡീഗഡ് പോസ്റ്റ് ഗ്രോജ്വറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പുതുച്ചേരി എ.വി.എം.  ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായും സഹകരിച്ച് പഠനം നടത്താനാണ് ശ്രമം.

Advertisment