/sathyam/media/media_files/2025/10/19/772c3f1f-7c87-445f-b7f2-d3136b9ea26e-2025-10-19-12-47-58.jpg)
പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കൂവപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ബെത്‌ലലഹെം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന്‍ അന്തരിച്ചു. ശരണര്‍ക്കും ആലംബഹീനര്‍ക്കും അഭയമായി പാര്‍ക്കാനൊരിടമൊരുക്കി പരിമിതമായ സാഹചര്യങ്ങളില്‍ അഭയഭവന് മേരി തുടക്കമിട്ടത് 2000-ലാണ്.
മാനസിക വെല്ലുവിളി നേരിട്ട് തെരുവോരങ്ങളില്‍ അലഞ്ഞു തിരിയുന്നവര്‍ സ്തീയായാലും പുരുഷനായാലും അവരെ ഏറ്റെടുത്തു സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. അനാഥത്വം പേറുന്നവര്‍ക്കും ഭവനരഹിതര്‍ക്കും രോഗാതുരരായി സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്കും ഭക്ഷണവും വസ്ത്രവും താമസവും മരുന്നും അതോടൊപ്പം സ്‌നേഹ വാത്സല്യവും നല്‍കി അവരെ അഭയഭവന്റെ ഭാഗമാക്കി മേരി എസ്തപ്പാന്‍.
സ്വയം തൊഴില്‍ ചെയ്യാന്‍ കെല്‍പ്പുള്ളവര്‍ക്ക് ജീവിതത്തിന്റെ വിരസതമാറാനും കഴിഞ്ഞകാലത്തിന്റെ അര്‍ത്ഥമില്ലായ്മയെക്കുറിച്ചുള്ള ചിന്തകളില്ലാതിരിയ്ക്കാന്‍ അവരെ വിവിധ ജോലികളില്‍ മുഴുകാന്‍ പ്രേരിപ്പിച്ചു. ഒരു സാധാരണ വീട്ടമ്മയായിരുന്ന മേരി നുറുകണക്കിന് അന്തേവാസികള്‍ക്ക് കാരുണ്യസ്പര്‍ശമേകുന്ന മേരിയമ്മയായിരുന്നു.
അധികമാരും പിന്തുടരാത്ത പാതയിലൂടെ അചഞ്ചലമായ ഇച്ഛാശക്തിയോടെ നടന്നുനുങ്ങിയപ്പോള്‍ മേരിയ്‌ക്കൊപ്പം നടന്നു നീങ്ങാന്‍ ഒരുപാടുപേര്‍ കൂട്ടു ചേര്‍ന്നു. 1998 ജനുവരി 5ന് അഭയ ഭവന്‍ കൂവപ്പടിയില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിരുന്നു. അഭ്യുദയകാംക്ഷികളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകള്‍ കൊണ്ടാണ് ചെലവ് വഹിക്കുന്നത്.
''മാനസിക രോഗികളെ ആളുകള്‍ ഭയപ്പെടുന്നു. ഈ ഭയമാണ് അവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതിലേക്ക് നയിക്കുന്നത്. എന്നിരുന്നാലും, സ്‌നേഹവും കരുതലും ആളുകളെ മാറ്റുമെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു''- എന്നാണ് മേരി പറയാറുള്ളത്.
വെല്ലുവിളി നേരിടുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അഭയഭവനിലെ അന്തേവാസികള്‍ക്കായി യോഗ, നൃത്തം, തയ്യല്‍ എന്നിവ പഠിപ്പിക്കാന്‍ മേരി മുന്‍കൈയെടുത്തിരുന്നു. ഇടയ്ക്കിടെ, അവരെ ചെറിയ യാത്രകള്‍ക്കായി കൊണ്ടുപോകുമായിരുന്നു.
തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ അടൂരില്‍ വച്ചൊരു അപകടമുണ്ടായി ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച മേരി എസ്തപ്പാന്റെ അന്ത്യം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും മേരിയെ തേടിയെത്തി ഈ കാലയളവിനുള്ളില്‍. മേരി എസ്തപ്പാന്റെ നിര്യാണത്തില്‍ പെരുമ്പാവൂരിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.