Advertisment

ഇഴഞ്ഞുനീങ്ങി ഒറവയ്ക്കല്‍-കൂരാലി റോഡ് നിര്‍മാണം;  കുരോപ്പട-ഒറവയ്ക്കല്‍ ഭാഗം കുഴി നിറഞ്ഞു യാത്ര ദുഷ്‌കരം,  കാലാവസ്ഥയെ പഴി പറഞ്ഞ് പൊതുമരാമത്ത് വകുപ്പ്

പണികള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ യാത്രക്കാരുടെ നടുവൊടിയുകയാണ്.

New Update
35353

കൂരോപ്പട: ഇഴഞ്ഞുനീങ്ങി ഒറവയ്ക്കല്‍-കൂരാലി റോഡ് നിര്‍മാണം. കാലാവസ്ഥയെ പഴി പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് രക്ഷപ്പെടുകയാണെന്നു യാത്രക്കാര്‍. ആകെയുള്ള 16 കിലോമീറ്ററില്‍ ആധുനിക രീതിയില്‍ ടാര്‍ ചെയ്ത ഭാഗവും ടാര്‍ ചെയ്യാന്‍ ഒരുക്കിയ ഭാഗവും കുഴികള്‍ നിറഞ്ഞ ഭാഗവുമൊക്കെയുണ്ട്. 

Advertisment

റോഡ് നവീകരണത്തിനായി തുക അനുവദിച്ചെങ്കിലും പണികള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ യാത്രക്കാരുടെ നടുവൊടിയുകയാണ്. റോഡിന്റെ ഇളമ്പള്ളി മുതല്‍ കൂരാലി വരെയുള്ള ഭാഗം കഴിഞ്ഞ നവീകരിച്ചിരുന്നു. അവശേഷിക്കുന്ന ഭാഗം രണ്ടു റീച്ചുകളിലായി നവീകരണം ആരംഭിച്ചിട്ടു വര്‍ഷം ഒന്നു കഴിഞ്ഞു. 

കൂരോപ്പട മുതല്‍ ഇളമ്പള്ളി വരെയുള്ള ഭാഗത്തെ കലുങ്കു നിര്‍മാണവും സംരക്ഷണ ഭിത്തി നിര്‍മാണവും പൂര്‍ത്തിയായിട്ടും മാസങ്ങളായി. ഇതില്‍, കാക്കത്തോടിനും അരുവിക്കുഴിക്കുമിടയില്‍ ഒരു കിലോമീറ്ററോളം ഭാഗം ടാര്‍ ചെയ്തു. കാക്കത്തോട് മുതല്‍ പള്ളിക്കത്തോട് വരെയുള്ള ഭാഗം എപ്പോള്‍ വേണമെങ്കിലും ടാര്‍ ചെയ്യാവുന്ന രീതിയില്‍ ഒരുക്കിയിട്ടിട്ടും മാസങ്ങളായി. 

പള്ളിക്കത്തോട്ടില്‍ നിന്നു കൂരാലിക്കുള്ള ഭാഗത്തു മഴക്കാലത്ത് ഉറവ പൊട്ടുന്ന ഭാഗത്ത് വേനല്‍ക്കാലത്ത് തറയോട് പാകിയിരുന്നു. ഉയര്‍ത്തി പാകിയില്ലെങ്കില്‍ നശിക്കുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പിനെ മറികടന്നായിരുന്നു കരാറുകാരുടെ പണി. 

മഴ ശക്തമായതോടെ തറയോടുകള്‍ ഇളകി, ഇതോടെ ഒരു മാസം മുമ്പ് ഇവിടെ വീണ്ടും തറയോട് പാകേണ്ടി വന്നു. കുരോപ്പട-ഒറവയ്ക്കല്‍ യാത്രയാണ് ഏറെ ദുഷ്‌കരം. പലയിടങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ളാക്കാട്ടൂര്‍-കണ്ടന്‍കാവ് ഭാഗത്താണു കുഴികള്‍ ഏറെയുമെന്നു യാത്രക്കാര്‍ പറയുന്നു. 

ഈ ഭാഗത്ത് നിര്‍മിക്കുന്ന കലുങ്കുകളുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. അപ്പച്ചിപടിയില്‍ കലുങ്ക് നിര്‍മിച്ചതിന്റെ ഇരുഭാഗവും തകര്‍ന്ന നിലയിലാണ്. പാത്തിക്കല്‍പ്പടിക്കു സമീപം കലുങ്കു നിര്‍മാണത്തിനായി ഗതാഗതം ഭാഗികമായി തടസപ്പെടുത്തിയിട്ട് ഒരു മാസത്തിലേറെയായി. തുണ്ടിപ്പടിയിലും കലുങ്ക് നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണ്. റോഡിന്റെ തകര്‍ച്ച മൂലം രാത്രി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

Advertisment