കോട്ടയം: മുന്നിലൂടെ പോയ ബസ് പെട്ടന്നു താഴേക്കു മറിഞ്ഞു. എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കാന്‍ ഏതാനും നിമിഷങ്ങള്‍ വേണ്ടി വന്നു. പിന്നീട് ചുറ്റും നിലവിളികള്‍.. രക്ഷാപ്രവര്‍ത്തനം നടത്താന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല തൊട്ടു പിന്നാലെ ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ ഫൈസലിനും കണ്ടക്ടര്‍ ജോഷി മോനും.
ഇന്നു പുലര്‍ച്ചെ എരുമേലി പമ്പ പാതയില്‍ കണമല അട്ടിവളവില്‍ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിയുമ്പോള്‍ പിറകില്‍ കണമല ഇറക്കത്തിന്റെ പാതി പിന്നിട്ടിരുന്നു എരുമേലി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി. ബസ്.
/sathyam/media/media_files/2025/04/16/a7zMyFQ4bsUFZTk4Hi6G.jpg)
തലകുത്തി മറിഞ്ഞു വീണ ബസിനു സമീപം കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തി. ഓടിയിറങ്ങവേ ചുറ്റുംനിലവിളികള്‍. ചോരയില്‍ കുളിച്ചവര്‍. ഓടിയെത്തിയ അയല്‍വാസികളും ഡ്യൂട്ടിക്കു പോകാനായി ബൈക്കില്‍ വരികയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ചേര്‍ന്നു.
ക്രാഷ് ബാരിയറിന് അടിയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍. എടുക്കാന്‍ തുടങ്ങിയെങ്കിലും കാലു കുടുങ്ങി കിടക്കുന്നതിനാല്‍ അപകടമാണെന്നു മനസിലായി ബസിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് അപകടത്തില്‍ പെട്ട ഡ്രൈവര്‍ പറഞ്ഞതോടെ റബര്‍ മരങ്ങളില്‍ തട്ടി കുഴിയിലേക്കു വീഴാതെ തൂങ്ങിനിന്ന ബസില്‍ ജോഷിമോനും ചാടിക്കയറി. നാട്ടുകാരുടെ സഹായത്തോടെ ആളുകളെ പുറത്തെത്തിച്ചു.
മറ്റു ചിലര്‍ മറിഞ്ഞു കിടന്ന ബസിനിടയില്‍ കൂടി നിരങ്ങി മുന്നിലെത്തി ഇവരെയും നിലത്തിറക്കി. വിരലറ്റവരും പരിക്കേറ്റവരുമായി 15 പേരെ കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറ്റി. തിരിക്കാന്‍ ഇടമില്ലാത്തതിനാല്‍ മുന്നോട്ട് തന്നെ പോയി ഇടകടത്തി വഴി മുക്കൂട്ടുതറയിലെ അസീസി ആശുപത്രിയില്‍ പരിക്കേറ്റവരെ എത്തിച്ചു.
സംഭവം നടന്ന വിവരം എരുമേലി പോലീസില്‍ അപ്പോള്‍ത്തന്നെ വിളിച്ചറിയിച്ചതും ഇവരാണ്. ചോര വീണൊഴുകിയ ബസ് കഴുകുന്നതിനിടെ ലഭിച്ച തീര്‍ഥാടകരുടെ മൊബൈല്‍ ഫോണും ഇവര്‍ സ്റ്റേഷനില്‍ എത്തിച്ചു.