പൊന്നാനിയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം  വിദേശഭാഷാ പഠനകേന്ദ്രം

 ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

New Update
35353535

പൊന്നാനി: അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്,  ജര്‍മന്‍  തുടങ്ങിയ വിദേശ ഭാഷകളിലെ  പഠന-ഗവേഷണ-വിവര്‍ത്തന കാര്യങ്ങള്‍ക്കായി ഒരു വിദേശഭാഷാ പഠനകേന്ദ്രം സ്ഥാപിക്കാന്‍  സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പൊന്നാനി  ആസ്ഥാനമായി   ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം വിദേശഭാഷാ പഠന കേന്ദ്രം  സ്ഥാപിക്കാന്‍  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.

Advertisment

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മെമ്മോറിയല്‍  സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് ആന്‍ഡ് ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ് എന്നതായിരിക്കും  പഠന കേന്ദ്രത്തിന്റെ പേര്. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില്‍ ആരംഭിക്കുന്ന ഏഴ്  എക്‌സലന്‍സ് സെന്ററുകളില്‍  ഒന്നായിരിക്കും ഇത്.  കേരള ലാംഗ്വേജ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷനാണ് പൊന്നാനിയിലെ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം വിദേശഭാഷാ കേന്ദ്രം  സ്ഥാപിക്കുക.   

വിദേശഭാഷാ പഠനകേന്ദ്രത്തില്‍ അറബിക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മന്‍ എന്നിവ ഉള്‍പ്പെടുന്ന വിദേശഭാഷാ പഠനത്തിനും വിവര്‍ത്തനത്തിനുമായിരിക്കും ആദ്യഘട്ടത്തില്‍ പരിഗണന. 
എഴുത്തുകാരനും  പണ്ഡിതനും  പൊന്നാനിയില്‍  അന്ത്യവിശ്രമം  കൊള്ളുന്ന പോര്‍ച്ചുഗീസ്  അധിനിവേശ  വിരുദ്ധ  പോരാളിയുമായ  ചരിത്രപുരുഷന്‍  ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്  പ്രദേശത്ത്  തന്നെ ഉചിതമായ സ്മാരകം പണിയുകയെന്ന ആശയത്തിന്റെ  സാക്ഷാത്കാരമാണ്  പൊന്നാനിയില്‍ ഉയരാനിരിക്കുന്ന  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മെമ്മോറിയല്‍  സെന്റര്‍ ഫോര്‍ ഫോറിന്‍ ലാംഗ്വേജസ് ആന്‍ഡ് ട്രാന്‍സ് ലേഷന്‍ സ്റ്റഡീസ്.   

സൈനുദ്ദീന്‍ മഖ്ദൂമിന് പൊന്നാനിയില്‍ സ്മാരകം നിര്‍മിക്കണമെന്ന  നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും    സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍  50 ലക്ഷം രൂപ വകയിരുത്തിയെന്നത് മാത്രമായിരുന്നു ഇത് സംബന്ധിച്ച  ഏക  കാല്‍വെയ്പ്പ്.  

തുടന്നും  പൊന്നാനി മുന്‍ എം.എല്‍.എയും നിയമസഭാ  സ്പീക്കറുമായിരുന്ന പി. ശ്രീരാമകൃഷ്ണന്‍  കാണിച്ച താല്‍പ്പര്യമാണ്  ഇക്കാര്യത്തിലുള്ള  ആലോചനകള്‍  യാഥാര്‍ഥ്യമായി മാറ്റുന്നത്.   നിലവിലെ  എം.എല്‍.എ. പി. നന്ദകുമാര്‍,  സി.സി.ഇ.കെ. ഡയറക്ടര്‍ മാധവിക്കുട്ടി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും  ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍  ഇക്കാര്യത്തിനായി ചേര്‍ന്ന  യോഗത്തില്‍  സന്നിഹിതരായി.

കേരളത്തെ സംബന്ധിച്ച ചരിത്ര രചനയ്ക്ക്  ആധികാരികമായി  തുടക്കം കുറിച്ചത്  ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ആണെന്നതാണ്  ചരിത്രം. ഗദ്യങ്ങളും പദ്യങ്ങളുമായി  നിരവധി  അധിനിവേശ വിരുദ്ധ  രചനകളാണ്  അദ്ദേഹത്തില്‍ നിന്ന്  നിര്‍ഗളിച്ചത്. ഒരു പ്രദേശത്തിന്റെ മാത്രമല്ല മലബാറിന്റെ വെളിച്ചമായാണ്  മഖ്ദൂം അറിയപ്പെടുന്നത്.

Advertisment