കൊച്ചി: കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ചേര്‍ത്തല സ്വദേശി ദിവാകരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
വി. സുജിത് (മഞ്ജു-38), എസ്. സതീഷ് കുമാര്‍ (കണ്ണന്‍-38), പി. പ്രവീണ്‍ (32), എം. ബെന്നി (45), എന്‍. സേതുകുമാര്‍ (45), ആര്‍. ബൈജു (45) എന്നിവരാണ് പ്രതികള്‍. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെ.എസ്. ദിവാകരനാ(56)ണ് കൊല്ലപ്പെട്ടത്.
2009 നവംബര്‍ 29നാണ് സംഭവം. മുന്‍കയര്‍ ഫാക്ടറി തൊഴിലാളിയാണ് ദിവാകരന്‍. കയര്‍ കോര്‍പറേഷന്റെ വീട്ടിലൊരു കയര്‍ ഉത്പന്നം പദ്ധതിയുടെ ഭാഗമായി കയര്‍ തടുക്ക് വില്‍പനയ്ക്ക് ദിവാകരന്റെ വീട്ടില്‍ ബൈജുവിന്റെ നേതൃത്വത്തില്‍ ഇവര്‍ എത്തിയെങ്കിലും തടുക്കിന്റെ വില കൂടുതലായതിനാല്‍ ദിവാകരന്‍ വാങ്ങിയില്ല.
എന്നാല്‍, തടുക്ക് കൊണ്ടുവന്നവര്‍ നിര്‍ബന്ധിച്ച് അതവിടെ വച്ചിട്ട്‌പോയി. അന്ന് ഉച്ചയ്ക്കുശേഷം വാര്‍ഡ് സഭ നടക്കുകയും ദിവാകരന്റെ മകന്‍ ഈ വിഷയം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.