കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങള്‍ നേടാന്‍ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സാങ്കേതിത രംഗത്തുണ്ടാകുന്ന അമ്പരിപ്പിക്കുന്ന മാറ്റം സൃഷ്ടിക്കുന്നത് ഒട്ടനവധി പുതിയ തൊഴിലവസരങ്ങളാണ്. ആഗോളതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ഈ അവസരങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് ഇന്ത്യയില്‍ കേരളത്തിനാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നിര്‍മ്മിത ബുദ്ധിയുടെ കടന്നുവരവ് തൊഴില്‍ നഷ്ടം ഉണ്ടാക്കിയെങ്കിലും എ ഐ ഒരുക്കിയ നൂതന തൊഴില്‍ അവസരങ്ങള്‍ നേടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുകയാണ് ഐ.സി.ടി. അക്കാദമി. പുതിയ കാലഘട്ടത്തില്‍ അറിവും ആശയവുമാണ് വലിയ മൂലധനമെന്നും എം.ബി. രാജേഷ് പറഞ്ഞു.
സാമൂഹ്യ ജീവിതവും തൊഴില്‍ മേഖലയും കൂടുതല്‍ നവീനമാക്കുകയാണ് ടെക്‌നോളജി ചെയ്യുന്നതെന്ന് ഐസിടിഎകെ സി.ഇ.ഒ. മുരളീധരന്‍ മന്നിങ്കല്‍ പറഞ്ഞു. ടങ്ങില്‍ ദിനേശ് തമ്പി (വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ്-ടി.സി.എസ്. ഓപ്പറേഷന്‍സ്, കേരള) അധ്യക്ഷത വഹിച്ചു. ആര്‍. ലത (പ്രോഗ്രാം ഡയറക്ടര്‍, ഐ.ബി.എം. ഇന്ത്യ സോഫ്‌റ്റ്വെയര്‍ ലാബ്സ്), ഐ.സി.ടി.എ. കെ. റീജിയണല്‍ മാനേജര്‍ സിന്‍ജിത്ത് ശ്രീനിവാസ്, ഐ.സി.ടി.എ.കെ. അക്കാദമിക് ഹെഡ് സാജന്‍ എം. എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഗൂഗിള്‍ ഫോര്‍ ഡവലപ്പേഴ്സ്-ഇന്ത്യ എഡ്യു പ്രോഗ്രാമുമായി സഹകരിച്ചുള്ള വര്‍ക്ക്ഷോപ്പും നടന്നു. കോണ്‍ക്ലേവില്‍ 'ദി ക്വാണ്ടം ലീപ്: എ.ഐ. ആന്‍ഡ് ബിയോന്‍ഡ്' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം വിവിധ വിഷയങ്ങളെ ആസ്പഥമാക്കി വിദഗ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഐ.സി.ടി.എ.കെ. നോളജ് ഓഫീസര്‍ മായ മോഹന്‍, ഡോ. ശ്രീകാന്ത് ഡി. എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ബെസ്റ്റ് മെമ്പര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ പുരസ്‌കാരം എന്‍ജിനീയറിങ് വിഭാഗത്തില്‍ തൃശൂര്‍ ജ്യോതി എന്‍ജിനീയറിഗ് കോളേജ്, പോളിടെക്‌നിക് വിഭാഗത്തില്‍ പെരുമ്പാവൂര്‍ ഗവര്‍മെന്റ് പോളിടെക്‌നിക് കോളേജ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് വിഭാഗത്തില്‍ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ട് സ്റ്റഡീസ് എന്നിവര്‍ക്കും മികച്ച ഇന്‍സ്റ്റിറ്റിയൂഷണല്‍ നോളജ് ഓഫീസര്‍ പുരസ്‌കാരം ഇബ്രാഹിം സലിം എം (അസ്സിസ്റ്റന്റ് പ്രഫസര്‍, മരംപള്ളി എം.ഇ.എസ്, കോളേജ്), മധ്യമേഖലയിലെ മികച്ച ഇക്കോ സിസ്റ്റം പാര്‍ട്ണര്‍ അവാര്‍ഡ് കൊച്ചി ഇന്‍ഫോപാര്‍ക്കിനും സമ്മാനിച്ചു. ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ ഏറ്റവും മികച്ച പ്ലേസ്‌മെന്റ് ആന്‍ഡ് റിക്രൂട്ട്‌മെന്റ് പാര്‍ട്ട്ണര്‍ക്കുള്ള പ്രത്യേക പുരസ്‌കാരം യു.എസ്.ടിക്ക് സമ്മാനിച്ചു.