/sathyam/media/media_files/t01BR9BVsWaIIfKzd9nD.jpg)
മലപ്പുറം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ യൂത്ത് ലീഗ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരേ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അധിക പേര്‍ക്കും ഇന്ന് ഭക്ഷണം കിട്ടിയില്ലെന്ന് പോലും കേട്ടു. ദുരന്ത ഭൂമിയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുകയെന്നത് ഡിസാസ്റ്റര്‍ റെസ്‌ക്യൂ മാനേജ്‌മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളില്‍ ഒന്ന് തന്നെയാണ്.
അതിന് കുറ്റമറ്റ സംവിധാനമുണ്ടായിരുന്നോ. ഇല്ലായെന്ന് തന്നെയാണ് ഇന്നത്തെ വാര്‍ത്തകള്‍ പറയുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കില്‍ ഭക്ഷണം കിട്ടാതെ തളര്‍ന്നു വീഴുന്ന രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു ദുരന്തമായിരുന്നേനെ.
മഹാ ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി നിന്നപ്പോള്‍ പട്ടാളവും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ഒരു സോഷ്യല്‍ ആര്‍മിയായി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയപ്പോള്‍ അവര്‍ക്ക് മൂന്നുനേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിര്‍വഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാര്‍ഡും മറ്റു സന്നദ്ധ സംഘടനകളും.
യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയില്‍ സര്‍ക്കാര്‍ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസിലാകുന്നില്ല. ഹൈജീനായ ഭക്ഷണമല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത്.
ഇന്ന് നല്‍കിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയില്‍ സര്‍വ്വം സമര്‍പ്പിച്ച് മടങ്ങുമ്പോള്‍ ആരും ഒരു കൈയ്യടിപോലും പ്രതീക്ഷിക്കുന്നില്ല.
പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിര്‍ഭാഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us