മേപ്പാടി: ചൂരല്‍മലയിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തവാര്‍ത്തയറിഞ്ഞ് പ്രിയപ്പെട്ടവരെ തെരഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഷാഹിദിനെ കാത്തിരുന്നത് ഉപ്പയുടെ മൃതദേഹം. ഉപ്പ അഷറഫ്, ഉമ്മ റംല എന്നിവരെ കാണാനില്ലെന്ന വിവരമറിഞ്ഞാണു ഷാഹിദ് ഗള്‍ഫില്‍ നിന്നു വന്നത്. എന്നാല്‍, ഉമ്മ ഉള്‍പ്പെടെ കുടുംബത്തിലെ ആറ് പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
കാണാതായവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മേപ്പാടി ഗവ.എച്ച്.എസ്.എസിലെ ദുരിതാശ്വാസ ക്യാമ്പില്‍ കാത്തിരിക്കുകയാണ് ഷാഹിദ്. ഷാഹിദിന്റെ വീടുള്‍പ്പടെ അടുത്ത കുടുംബത്തിലെ മൂന്ന് വീടുകളാണ് ഒലിച്ചു പോയത്. ഉപ്പയുടെ മൃതദേഹം കണ്ടെടുത്തു കബറടക്കി. ബന്ധുക്കളായ റുക്കിയ, മകന്‍ ഉനൈസ്, ഭാര്യ സഫീന, മകന്‍ അമീന്‍, മകള്‍ നജ ഫാത്തിമ എന്നിവര്‍ക്കു വേണ്ടിയും തിരച്ചില്‍ തുടരുകയാണ്.