തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ അക്രമി ഷിനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു. എന്താണ് വെടിവയ്ക്കാന്‍ ഉപയോഗിച്ച ഡിവൈസെന്ന് സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത.
ഷിനിയുടെ കൈക്ക് ചെറിയ പരിക്കാണുള്ളത്. വീട്ടുകാര്‍ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവന്‍ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയില്‍ നിന്ന് അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് കരുതുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂവെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പറഞ്ഞു.
ഷിനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷിനിയുടെ ഭര്‍ത്താവിന്റെ പിതാവ് പറഞ്ഞു.
''രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തി ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയര്‍ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചു. പേന ഇല്ലെന്നും അവര്‍ പറഞ്ഞു. ഞാന്‍ അകത്ത് പോയി പേനയെടുത്ത് വരുന്നതിനിടെയാണ് ഷിനിക്കുനേരെ ആക്രമണമുണ്ടായത്.
ഒരു തവണ കൈയ്യിലും രണ്ട് തവണ തറയിലും വെടിയുതിര്‍ത്തു. സ്ത്രീ തന്നെയാണ് വന്നത്. ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയില്‍ തോന്നി..''
തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് ഇന്ന് രാവിലെ മുഖംമറച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ ഭര്‍തൃപിതാവ് പാഴ്സല്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയില്ല. ഷിനി ഇറങ്ങി വന്നപ്പോള്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് കടന്നുകളഞ്ഞു.