കൊച്ചി: കണ്ണപുരത്തെ ഡി.ഐ.എഫ്.ഐ. പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികളായ ഒമ്പത് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.
ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍, കെ.ടി. ജയേഷ്, സി.പി. രഞ്ജിത്ത്, പി.പി. അജീന്ദ്രന്‍, ഐ.വി. അനില്‍, കെ.ടി. അജേഷ്, വി.വി. ശ്രീകാന്ത്, വി.വി. ശ്രീജിത്ത്, പി.പി. രാജേഷ്, ടി.വി. ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍.
കേസില്‍ 10 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസില്‍ 28 സാക്ഷികളെ വിസ്തരിച്ചു.
2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് സംഭവം. രാത്രി ഒമ്പതിന് ചുണ്ട തച്ചന്‍ക്കണ്ടി ക്ഷേത്രത്തിനടുത്ത് വച്ച് റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സൃഹുത്തുക്കള്‍ക്കൊപ്പം പോകുമ്പോഴാണ് റിജിത്ത് (26) കൊല്ലപ്പെടുന്നത്. കൂടെയുണ്ടായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കെ.വി. നികേഷ്, ചിറയില്‍ വികാസ്, കെ. വിമല്‍ തുടങ്ങിയവര്‍ക്ക് വെട്ടേറ്റിരുന്നു. വളപട്ടണം സി.ഐയായിരുന്ന ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.