കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പി.പി. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയുള്ള വിധിപ്പകര്‍പ്പ് പുറത്ത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്ന വാദം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു.
പ്രസംഗത്തിന്റെ ഉദ്ദേശ്യം അപമാനിക്കലായിരുന്നു. പ്രത്യാഘാതം മനസിലാക്കിയായിരുന്നു ദിവ്യയുടെ പ്രവൃത്തി. ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകും.
ദിവ്യയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ളതാണ്. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ബാബു അപമാനിതനായി.
അഴിമതിയെക്കുറിച്ച് അറിവ് ലഭിച്ചെങ്കില്‍ അത് പോലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള 38 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാണിക്കുന്നു.