കല്‍പ്പറ്റ: പനമരം അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം ചേരിയംകൊല്ലി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിനാ(24)ണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിന് സി.എച്ച് റസ്‌ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
അഞ്ചുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മുതലാണ് കാണാതായത്. ഈ സമയം മുതല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.
ഈ യുവാവിനെ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊലീസ് പിടിച്ചിരുന്നു. പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ചെയ്തതിന് ശേഷമാണ് യുവാവ് പുഴയില്‍ ചാടിയത്.
മരിക്കുമെന്ന സൂചന ബന്ധുക്കള്‍ക്ക് നല്‍കിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും പനമരം പഞ്ചായത്ത് അഞ്ചുകുന്ന് വാര്‍ഡ് അംഗം ലക്ഷ്മി പറഞ്ഞു. മാങ്കാനി കോളനിയിലെ ബാലന്‍-ശാരദ ദമ്പതികളുടെ മകനാണ്. ഒരു സഹോദരിയുണ്ട്.