/sathyam/media/media_files/HprerctV733CoTCwKc9l.jpg)
വടകര: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് ഡിവൈ.എസ്.പിയുടെ ഔദ്യോഗിക വാഹനം കത്തിച്ച കേസില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വടകര ബീച്ച് കബറിന്‍ പുറം സാദാന്റവിട പി. അബ്ദുള്‍ ജലീലാ(45)ണ് കേസിലെ പ്രതി. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.എം. ഷീജയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.
10 ലക്ഷം രൂപ കോടതിയില്‍ കെട്ടി വയ്ക്കാനും ഒരു ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം വേണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
എന്നാല്‍, പണം കെട്ടി വയ്ക്കാനില്ലാത്തതിനാല്‍ പ്രതിക്ക് പുറത്തിറങ്ങാനായില്ല.
2024 മാര്‍ച്ച് 10ന് വടകര ഡി.വൈ.എസ്.പി ഓഫീസ് മുറ്റത്ത് നിര്‍ത്തിയിട്ട ഡി.വൈ.എസ്.പിയുടെ ഔദ്യോഗിക വാഹനം പ്രതി തീവച്ച് നശിപ്പിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ഹെല്‍മറ്റ്, രണ്ട് ബോഡി പ്രൊട്ടക്റ്റര്‍, നാല് ഗ്രനേഡുകള്‍, നാല് ടിയര്‍ ഗ്യാസ് ഷെല്‍, വയര്‍ലെസ് സെറ്റ്, ജി.പി.എസ്, ആറ് ലാത്തികള്‍ എന്നിവ കത്തി നശിച്ചിരുന്നു.
അന്നത്തെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന ഉല്ലാസ് കുമാറായിരുന്നു കേസ് അന്വേഷിച്ചത്. പിന്നീട് കേസ് സി.സി.ആര്‍.ബി.ഡി.വൈ.എസ് പി.സി. ഷാജ് ജോസ് ഏറ്റെടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us