കോട്ടയം: എറണാകുളം-ബംഗളുരു വന്ദേ ഭാരത് സര്‍വീസ് പുനഃസ്ഥാപിക്കുകയും സര്‍വീസ് കോട്ടയത്തേക്കു നീട്ടണമെന്ന ആവശ്യവുമായി യാത്രക്കാര്‍. കോടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഇതിനു സജ്ജമാണ്.
നിലവില്‍ എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കുന്ന ബംഗളുരു ഇന്റര്‍സിറ്റി, പാലക്കാട്-എറണാകുളം മെമു, പുണെ എക്സ്പ്രസ് എന്നിവ കോട്ടയം വരെ നീട്ടാമെങ്കിലും റെയില്‍വേ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ചിട്ടില്ല. കോട്ടയം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ജനപ്രതിനിധികള്‍ ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
സ്പെഷല്‍ സര്‍വീസായി സര്‍വീസ് നടത്തുകയും പിന്നീട് നിര്‍ത്തിവയ്ക്കുകയും ചെയ്ത എറണാകുളം-ബംഗളുരു വന്ദേ ഭാരത് സര്‍വീസ് പുനഃസ്ഥാപിച്ചു കോട്ടയം വരെ നീട്ടണമെന്ന ആവശ്യം മുമ്പും ഉയര്‍ന്നിരുന്നു. ദിനംപ്രതി നിരവധി യാത്രക്കാരാണ് കോട്ടയം ബംഗളൂരൂ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസുകളെ ആശ്രയിച്ചു യാത്ര ചെയ്യുന്നത്.
ഉത്സവ സീസണുകളില്‍ ബസ് കമ്പനികള്‍ കുത്തനെ നിരക്കുകൂട്ടുന്നതോടെ വന്‍ തുക മുടക്കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. കോട്ടയം-ബംഗളുരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും.
ഓണത്തിന് തൊട്ടുമുമ്പ് വരെ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായിരുന്നു ബംഗളുരുവിലേക്ക് സ്പെഷല്‍ വന്ദേ ഭാരത് നടത്തിയിരുന്നത്. സ്പെഷല്‍ സര്‍വീസ് നീട്ടുമെന്നും സ്ഥിരം സര്‍വീസ് പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിളും ഇത് രണ്ടുമുണ്ടായില്ല. ഇതോടെ മൂന്നാം വന്ദേ ഭാരത് സര്‍വീസ് മോഹം മാത്രമായി അവശേഷിക്കുകയാണ്.
അതേസമയം അടുത്ത ടൈംടേബിള്‍ കമ്മിറ്റിയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് റെയില്‍വേ മന്ത്രി ജനപ്രതിനിധികളോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതു എറണാകുളത്തു നിന്ന് ആരംഭിക്കാതെ കോട്ടയത്ത് നിന്നു തുടങ്ങാനുള്ള നടപടി വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.