പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്  കടത്തിക്കൊണ്ടുപോയി; യുവാവിനെ പശ്ചിമ ബംഗാളിലെത്തി പിടികൂടി പോലീസ്

പ്രതിയെയും പെണ്‍കുട്ടിയെയും കേരളത്തിലെത്തിച്ചു. 

New Update
353

അങ്കമാലി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്ന് പിടികൂടി. മൂര്‍ഷിദാബാദ് ജാലങ്കി സ്വദേശി സബൂജി(22)നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. പ്രതിയെയും പെണ്‍കുട്ടിയെയും കേരളത്തിലെത്തിച്ചു. 

Advertisment

ഞായറാഴ്ചയാണ് സംഭവം. അങ്കമാലിയില്‍ വാടകയ്ക്ക് താമസിക്കുന്ന യു.പി. സ്വദേശികളായ ദമ്പതികള്‍ മകളെ കാണാതായെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയേയും കൊണ്ട് ബസില്‍ ബംഗളുരുവിലെത്തിയതായും അവിടെ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്തയിലേക്ക് കടന്നതായും അറിഞ്ഞു. 

തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് കുമാര്‍ എന്നിവര്‍ കൊല്‍ക്കത്തയിലെത്തി. അവിടെ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഉള്‍ഗ്രാമമായ ജാലങ്കിയിലെത്തി പെണ്‍കുട്ടിക്കായി അന്വേഷണം നടത്തി. പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ജാലങ്കി പോലീസിന്റെ സഹായത്തോടെ അവിടെയെത്തി സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.

Advertisment