കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. എട്ട് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി 11നാണ് സംഭവം. സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കാറിലെത്തിയ യുവാക്കള്‍ അസഭ്യം പറഞ്ഞ് ലോറി ഡ്രൈവറെ മര്‍ദിച്ചത്. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ചുരത്തിന് മുകളില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് ഇവിടെ നിന്നും മടങ്ങിയ ഇവര്‍ വ്യൂ പോയിന്റില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും ലോറി തടയുകയുമായിരുന്നു. ലോറി ഡ്രൈവര്‍ പുറത്തിറങ്ങാതിരുന്നതോടെ യുവാക്കള്‍ കാറിന്റെയും ലോറിയുടെയും മുകളില്‍ കയറിയാണ് ആക്രമണം നടത്തിയത്.