കല്‍പ്പറ്റ: വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഐ.സി. ബാലകൃഷ്ണന്‍ എം്എല്‍.എയുടെയും ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയും അറസ്റ്റ് കോടതി തടഞ്ഞു. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.
ഈ മാസം പതിനഞ്ച് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടതായും 15ന് വിശദമായ വാദം കേള്‍ക്കുമെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും ഉള്‍പ്പെടെ നാലു കോണ്‍ഗ്രസ് നേതാക്കളെക്കെയാണ് ആത്മഹത്യപ്രേരണാ കേസില്‍ പ്രതി ചേര്‍ത്തത്. ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥന്‍, ഡി.സി.സി. മുന്‍ പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രന്‍ എന്നിവരാണു മറ്റു പ്രതികള്‍.