/sathyam/media/media_files/2025/08/15/oip-2025-08-15-00-33-45.jpg)
കൊച്ചി: തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വൈകി എത്തിയതിനെത്തുടര്‍ന്ന് ഇരുട്ടുമുറിയില്‍ ഇരുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും പോലീസിനോടും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. എട്ടരയ്ക്ക് ആരംഭിക്കുന്ന ക്ലാസില്‍ എത്താന്‍ അഞ്ചു മിനിറ്റ് വൈകി എന്നാരോപിച്ചാണ് കുട്ടിയെ ഇരുട്ട് മുറിയില്‍ ഇരുത്തിയത്.
വൈകിയെത്തിയ കുട്ടിയെ സ്‌കൂള്‍ ഗ്രൗണ്ടില്‍ രണ്ട് റൗണ്ട് ഓടിപ്പിച്ച ശേഷമാണ് ഇരുട്ട് മുറിയില്‍ കൊണ്ടുപോയി ഇരുത്തിയത്. സംഭവം അറിഞ്ഞെത്തിയ ബന്ധുക്കളും സ്‌കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി.
വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എറണാകുളം പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി.