/sathyam/media/media_files/2025/03/08/mxiNfBwOhrUqXgaw4qA8.jpg)
മഞ്ചേരി: പതിനഞ്ച് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 85000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി.
നെടിയിരുപ്പ് എന്‍എച്ച് കോളനിയിലെ മൂച്ചിക്കുണ്ട് ജയനെ(43)യാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. 2024 ഏപ്രില്‍ 29ന് രാവിലെ 10.30നാണ് സംഭവം.
കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് മറ്റാരുമില്ലാത്ത സമയത്ത് അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയായിരുന്നു. അതിക്രമം നേരില്‍ കണ്ട ആറുവയസുകാരിയായ ബന്ധു കോടതിയിലെത്തി മൊഴി നല്‍കിയിരുന്നു.
പോക്‌സോ ആക്ടിലെ 9(എല്‍) വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷയുണ്ട്.
പിഴയടയ്ക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരു മാസം വീതം തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നല്‍കണം.
പുറമെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിക്ക് നിര്‍ദേശം നല്‍കി.
കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ.ജെ. ജിജോയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മയായിരുന്നു പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us