തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു തിരുവനന്തപുരത്ത് സമാപിക്കും. കഴിഞ്ഞ മാസം 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്.
വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടെ ജീവിതത്തോട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗത വെടിയണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യാത്ര.
യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് അന്പൂരിയില്‍ സംഘടിപ്പിക്കുന്ന സമാപന സമ്മേളനം എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എംപി, ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, മാണി സി. കാപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.