/sathyam/media/media_files/p6LsFZBj11IA97IToIDr.jpg)
പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയില്‍ നിന്നും വെള്ളം കയറി എല്ലാവര്‍ഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടാട്, കുമ്പളത്ത് പടി, ഹൗസിംഗ് കോളനി, ഈശ്വരമംഗലം പ്രദേശങ്ങളിലെ നിരവധി താമസക്കാര്‍ ഒപ്പിട്ട പരാതികള്‍ ജില്ലാ കലക്ടര്‍ നല്‍കി.
കുറ്റിക്കാട് മുതല്‍ ഈശ്വരമംഗലം വരെയാണ് കര്‍മ്മ റോഡിന് മുകളില്‍ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പില്‍ കൂടിയും ആറു മുതല്‍ പത്ത് വരെയുള്ള വാര്‍ഡുകളിലേക്ക് പുഴവെള്ളം എത്തുന്നത്. കര്‍മ്മ റോഡിലെ പുഴയോര ഭിത്തി നാലടി ഉയര്‍ത്തുകയും, പൈപ്പിനകത്ത് ഫൂട്ട് വാല്‍വോ, ഷട്ടറോ സ്ഥാപിച്ച് പുഴയില്‍ നിന്നും വെള്ളം കയറുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
എല്ലാ വര്‍ഷവും വീടിനകത്ത് വെള്ളം കയറുന്നത് കാരണം കെട്ടിടങ്ങളുടെ ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ കലക്ടര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.
യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, മുന്‍ എം.പി. സി. ഹരിദാസ്, വി. സൈദ് മുഹമ്മദ് തങ്ങള്‍, ടി.കെ. അഷറഫ്, മുസ്തഫ വടമുക്ക്, എ. പവിത്രകുമാര്‍, സി. ജാഫര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us