48 മണിക്കൂറിനുള്ളില്‍ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ വിജയകരമായി നടപ്പാക്കി, അവയവദാനത്തിനു കാത്തിരിക്കുന്നവര്‍ക്കു ശുഭപ്രതീക്ഷ, അവയവദാനം 2016ന് ശേഷം ഗണ്യമായി കുറയുന്ന പ്രവണതയ്ക്കു മാറ്റമുണ്ടാകുമോ? ബന്ധുക്കളെ അവയവദാനത്തില്‍നിന്ന് പിന്തിരിപ്പിച്ചത്  കൃത്രിമമായി മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നെന്ന ആശങ്കകളും ഒരു സിനിമയും

2015 ല്‍ 76 പേര്‍ അവയദാതാക്കളായപ്പോള്‍ 2025 ജൂലൈ വരെ 11 അവയവദാനം മാത്രമാണ് നടന്നത്.

New Update
OIP (1)

കോട്ടയം: സംസ്ഥാനത്ത് 48 മണിക്കൂറിനുള്ളില്‍ രണ്ട് ഹൃദയമാറ്റ ശസ്ത്രക്രീയകള്‍ ഉള്‍പ്പടെ വിജയകരമായി നടപ്പാക്കി. അവയവദാനത്തിനു കാത്തിരിക്കുന്നവര്‍ക്കു ശുഭപ്രതീക്ഷ.  വാഹനാപകടത്തെത്തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ തുടിക്കും.

Advertisment

ഇതിനു മണിക്കൂറകള്‍ക്കു മുന്‍പു മറ്റൊരു ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാനത്ത് അവയവദാനം നിലച്ചേക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ പ്രതീക്ഷകള്‍ നല്‍കി രണ്ട് അവയദാനങ്ങള്‍ തുടര്‍ച്ചയായി നടന്നത്. അവയവദാന മേല്‍നോട്ട ചുമതല വഹിക്കുന്ന കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ - സോട്ടോ) വഴി കഴിഞ്ഞ ജൂലൈ വരെ രജിസ്റ്റര്‍ ചെയ്ത് 2832 പേരാണ്. 

എന്നാല്‍, അവയവദാനങ്ങള്‍ നടക്കാതെ വന്നതോടെ പലരുടെയും പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായ ചില വീഴ്ചകള്‍ ഇതിനു കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ തെരഞ്ഞെടുത്ത ഡോക്ടര്‍മാരെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍മാരായി നിയോഗിച്ച നടപടി ഉദ്ദേശിച്ച വിജയം കാണാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അവയവദാനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കെ സോട്ടോയുടെ പ്രവര്‍ത്തനം പൂര്‍ണ പരാജയമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് സമൂഹമാധ്യമത്തില്‍ തുറന്നു പറയുക കൂടി ചെയ്തു. 

സംസ്ഥാനത്ത് മരണാന്തര അവയവദാന നിരക്കില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. 2015 ല്‍ 76 പേര്‍ അവയദാതാക്കളായപ്പോള്‍ 2025 ജൂലൈ വരെ 11 അവയവദാനം മാത്രമാണ് നടന്നത്. 2016-72, 2017-18, 2018-8, 2019-19, 2020- 21, 2021 - 17, 2022 - 14, 2023 - 19, 2024 - 11 എന്നിങ്ങനെയാണ് സംസ്ഥാനത്തെ അവയവദാനത്തിന്റെ കണക്ക്. 

അവയവങ്ങള്‍ക്കായി മസ്തിഷ്‌ക മരണം കൃത്രിമമായി സൃഷ്ടിക്കുന്നുവെന്ന പ്രചരണങ്ങളാണ് ദാതാക്കളുടെ കുടുംബങ്ങളെ സമ്മതം നല്‍കുന്നതില്‍ നിന്നു പിന്തിരിപ്പിച്ചു. മരണാനന്തര അവയവദാനത്തെ തെറ്റായി ചിത്രീകരിക്കുന്ന ചില സിനിമകളും അവയവദാന പ്രക്രിയയിലെ നൂലാമാലകളുമാണ് മരണാനന്തര അവയവദാനം ഇടിയാന്‍ കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കൃത്രിമമായി മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നെന്ന ആശങ്കകളാണ് ബന്ധുക്കളെ അവയവദാനത്തില്‍നിന്ന് പിന്തിരിപ്പിച്ചത്. ജീവിച്ചിരിക്കുന്നവരുടെ അവയവദാനത്തില്‍ കുറവില്ലെന്നാണ് കെ സോട്ടോയുടെ കണക്കുകള്‍. അത് പ്രോത്സാഹിപ്പിക്കുന്നതിനായി അവയവം സ്വീകരിച്ചവര്‍ക്കും ദാതാക്കള്‍ക്കുമുള്ള മരുന്നുകള്‍ കാരുണ്യ ഫാര്‍മസി വഴി കുറഞ്ഞവിലയ്ക്ക് നല്‍കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് നാലുപേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ്. അതില്‍ രണ്ടുപേര്‍ മസ്തിഷ്‌കമരണം സംഭവിച്ച രോഗി കിടക്കുന്ന ആശുപത്രിക്കു പുറത്തുനിന്നുള്ളവരാകണം. ഇതില്‍ ഒരാള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളതും മസ്തിഷ്‌കമരണ സ്ഥിരീകരണം സംബന്ധിച്ച് പരിശീലനം ലഭിച്ചവരുടെ പട്ടികയില്‍ ഉള്ളതുമായ ആള്‍ ആകണമെന്നും നിര്‍ദേശമുണ്ട്.

മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന പ്രക്രിയ വീഡിയോ റെക്കോഡ് ചെയ്യണം, ന്യൂറോ മസ്‌കുലര്‍ തടസമുണ്ടോയെന്ന് പരിശോധിക്കാനായി പെരിഫെറല്‍ നെര്‍വ് സ്റ്റിമുലേഷന്‍ ടെസ്റ്റ് നടത്തണം തുടങ്ങിയ നടപടിക്രമങ്ങള്‍ വേറേയുമുണ്ട്.

ബന്ധുക്കളുടെ സമ്മതം പ്രത്യേക ഫോമില്‍ രേഖപ്പെടുത്തിയശേഷമാകും മസ്തിഷ്‌കമരണം സ്ഥിരീകരിച്ച വ്യക്തിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റുക. അവയവദാനം സംബന്ധിച്ച പരാതികള്‍ കേള്‍ക്കാനായി സംസ്ഥാനതലത്തില്‍ സാങ്കേതിക സമിതിക്കും രൂപം നല്‍കിയിരുന്നു. ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരുമുണ്ട്.

എന്നാല്‍, ദാതാക്കളുടെ ഉറ്റവരെ ബോധ്യപ്പെടുത്തുന്നതില്‍  സംവിധാനങ്ങള്‍ പരാജയപ്പെടുന്നു. സമൂഹത്തിന്റെ തെറ്റായ ധാരണകളും ആശങ്കകളും തിരുത്താന്‍ നടപടിയുമുണ്ടായില്ല. ഇതിനിടെയാണ് പ്രതീക്ഷയേകി രണ്ടു പേര്‍ മരണശേഷം അവരുടെ ഹൃദയമുള്‍പ്പടെ ദാനം ചെയ്തത്. ഈ രംഗത്ത്  സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമാണ്.

Advertisment