തൊടുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കുടയത്തൂര്‍ സ്വദേശി അനന്ദു കൃഷ്ണനെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
വന്‍കിട കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
മൂവാറ്റുപുഴയില്‍ മാത്രം ഇത്തരത്തില്‍ ഒമ്പതു കോടി രൂപ ഇയാള്‍ തട്ടിയെടുത്തെന്ന് പോലീസ് പറഞ്ഞു. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്ന പേരില്‍ സൊസൈറ്റി രൂപീകരിച്ചായിരുന്നു തട്ടിപ്പ്.
സംസ്ഥാനത്താകെ ഇയാള്‍ സമാന രീതിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പോലീസ് പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ലാപ്‌ടോപ്, തയ്യല്‍ മെഷീന്‍ എന്നിവ അമ്പതു ശതമാനം ഇളവില്‍ നല്‍കുമെന്ന് പ്രചരിപ്പിച്ച് സന്നദ്ധ സംഘടനകളെയുള്‍പ്പെടെ ഇയാള്‍ വഞ്ചിച്ചിട്ടുണ്ട്.