ബിസിനസ് സംരഭത്തില്‍ പങ്കാളിത്തം നല്‍കാമെന്ന്  വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; പ്രതിയും  സഹായിയും പിടിയില്‍

തൃശൂര്‍ മയലിപ്പാടന്‍ സ്വദേശി ജയന്‍, ചാലക്കുടി സ്വദേശി ഫ്രഡ്ഡി എന്നിവരാണ് പിടിയിലായത്.

New Update
43543535353

കൊച്ചി: ബിസിനസ് സംരഭത്തില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജേന തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയും സഹായിയും പിടിയില്‍. തൃശൂര്‍ മയലിപ്പാടന്‍ സ്വദേശി ജയന്‍, ചാലക്കുടി സ്വദേശി ഫ്രഡ്ഡി എന്നിവരാണ് പിടിയിലായത്. നിരവധി പേരില്‍ നിന്നും കോടികളാണ് ബിസിനത്തിന്റെ പേരും പറഞ്ഞ് ഇവര്‍ തട്ടിയത്. പിടിയിലായ ജയന്റെ ഭാര്യ ഹണിയാണ് കേസിലെ ഒന്നാംപ്രതി. ഇവര്‍ ഒളിവിലാണ്. 

Advertisment

2022 സെപ്റ്റംബര്‍ 27ന് കുറുപ്പുംപടി തുരുത്തി സ്വദേശിനി ജീവാ റെജിയില്‍ നിന്ന് 32 ലക്ഷം രൂപ പ്രതികള്‍ തട്ടിയെടുത്തിരുന്നു. എറണാകുളത്ത് ആരംഭിക്കുന്ന ബിസിനസ് സംരഭത്തില്‍ പങ്കാളിത്തം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. ഇതുകൂടാതെ ജീവാ റജിയുടെ സഹോദരന്‍ കോട്ടപ്പടി സ്വദേശി ജോബിയില്‍ നിന്ന് ഇവര്‍ അമ്ബതു ലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. പ്രതികള്‍ വികസിപ്പിച്ചെടുത്ത ഇന്റീരിയര്‍ ഡെക്കറേഷന്‍ സോഫ്റ്റ്വെയര്‍ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്ന് പറഞ്ഞാണ് ജോബിയില്‍ നിന്ന് ഇവര്‍ പണം തട്ടിയത്. ഓഫീസ് അറ്റകുറ്റപ്പണി, ഫര്‍ണിച്ചറുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യണം എന്നുപറഞ്ഞും പ്രതികള്‍ ഇവരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്.

ചൈനയിലായിരുന്ന ജയന്‍ നാട്ടിലെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പോലീസ് തൃശൂരിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയത്. പ്രതികള്‍ പിടിയിലായ വിവരം അറിഞ്ഞ് വിവിധ രീതിയില്‍ തട്ടിപ്പിന് ഇരയായ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരാതികളുമായി കുറുപ്പുംപടി പോലീസ് സ്റ്റേഷനില്‍ എത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.