കഴുത്തില്‍ മുറുക്കിയ ബെല്‍റ്റ് പെണ്‍കുട്ടിയുടെ പിതാവിന്റെ, മരിച്ചത് രാത്രിയില്‍; ഇരട്ടയാറില്‍ പോക്സോ കേസ് ഇരയുടെ  മരണത്തില്‍ കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് സൂചിപ്പിച്ചു.

New Update
5353577

ഇടുക്കി: കട്ടപ്പന ഇരട്ടയാറില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാധ്യത തള്ളിക്കളയാതെ പോലീസ്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് സംശയം.

Advertisment

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് സൂചിപ്പിച്ചു.  കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ബെല്‍റ്റ് പെണ്‍കുട്ടിയുടെ പിതാവിന്റെയാണെന്ന് പോലീസ് കണ്ടെത്തി. രാത്രിയാണ് മരിച്ചതെന്നും പോലീസ് കണ്ടെത്തി. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. 

കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. എഴുന്നേല്‍ക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് രാവിലെ 8.45ന് മുറിയില്‍ ചെന്ന് നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ അമ്മ കാണുന്നത്. 

രാത്രി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. രാത്രി 9.45ന് പുറത്തുപോയ പെണ്‍കുട്ടിയുടെ സഹോദരന്‍ പുലര്‍ച്ചെ 2.45നാണ് തിരിച്ചെത്തിയത്.  പെണ്‍കുട്ടിയെ മുമ്പ് ആണ്‍സുഹൃത്തും കൂട്ടുകാരനും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കേസില്‍ പ്രതികളായ യുവാക്കള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇവര്‍ ജോലിയുമായി ബന്ധപ്പെട്ട് നിലവില്‍ ഈ പ്രദേശത്തില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായെന്ന് പോലീസ് പറഞ്ഞു.