അംഗങ്ങള്‍ അറിയാതെ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ  വായ്പാ തട്ടിപ്പ്; സഹകരണ സംഘം സെക്രട്ടറിക്കെതിരേ കേസ്

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

New Update
5454

കാസര്‍കോഡ്: അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസെടുത്തു.  സഹകരണ സംഘം സെക്രട്ടറിയും സി.പി.എം. മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കര്‍മംതോടിയിലെ കെ. രതീശനെതിരെയാണ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തത്. പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയെന്നാണ് സൂചന. 

Advertisment

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ. സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് ഏഴു ലക്ഷം രൂപ വരെ വായ്പ അനുവദിച്ചത്. 

ജനുവരി മുതല്‍ പല തവണകളായിട്ടാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം സഹകരണ സംഘം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. കേസെടുത്തതിന് പിന്നാലെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന രതീശനെ സി.പി.എമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

 

Advertisment