നീലേശ്വരം: പത്തു മാസം മുമ്പ് കാണാതായ നായ്ക്കുട്ടിയെ തിരികെ കിട്ടിയ സന്തോഷത്തിന് സാക്ഷ്യം വഹിക്കുകയാണ് ബേക്കല്‍ പോലീസ് സ്റ്റേഷന്‍. കരിന്തളം കുമ്പളപ്പള്ളിയിലെ എം. ദില്‍ഷിത്തിന്റെ പൊമേറിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ്ക്കുട്ടിയെയാണ് പത്തുമാസം മുമ്പ് പെട്ടെന്ന് കാണാതായത്.
എല്ലായിടത്തും തെരഞ്ഞെങ്കിലും വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും നഷ്ടപ്പെട്ട നായുടെ ഫോട്ടോ സഹിതം നല്‍കുകയും ചെയ്‌തെങ്കിലും നയയെ തിരികെ കിട്ടിയിരുന്നില്ല. അഞ്ചു ദിവസം മുമ്പ് ബേക്കല്‍ പോലീസ് സ്റ്റേഷന് സമീപം തെരുവുനായ്ക്കള്‍ ഒരു നായ്ക്കുട്ടിയെ ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ ഇതിനെ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച് വെളളവും ഭക്ഷണവും നല്‍കി പരിചരിച്ചു.
ബേക്കല്‍ സ്റ്റേഷനില്‍ ഒരു നായ്ട്ടിക്കുട്ടിയെ കിട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ ദില്‍ഷിത്ത് കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനില്‍ എത്തി. ദില്‍ഷിത്തിനെ കണ്ടയുടന്‍ നായ്ക്കുട്ടി വാലാട്ടി അടുത്തുവന്ന് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ നായെ തിരിച്ചറിഞ്ഞ ദില്‍ഷിത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞു. തുടര്‍ന്ന് ബൈക്കില്‍ നായയെ ഇരുത്തി കിലോമീറ്റര്‍ സഞ്ചരിച്ച് കുമ്പളപ്പള്ളിയിലെ വീട്ടില്‍ എത്തിച്ചു.