കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധ സംബന്ധിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍. മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഷൈജു പി. ജേക്കബിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മഞ്ഞപ്പിത്തത്തെത്തുടര്‍ന്ന് രണ്ടുപേര്‍ മരിക്കുകയും നാല്‍പ്പതിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമാണ്.
200ലേറെ പേര്‍ക്ക് രോഗബാധയുണ്ട്. ഹെപ്പെറ്റൈറ്റിസ് എ പടര്‍ന്നു പിടിക്കാനുള്ള കാരണങ്ങള്‍, മരണകാരണം, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക. ഒരാഴ്ച മുമ്പ് കലക്ടര്‍ പഞ്ചായത്ത് സന്ദര്‍ശിക്കുകയും ഇവിടുത്തെ വീടുകളിലേക്ക് വെള്ളം പമ്പുചെയ്യുന്ന ചിറയും കിണറും പരിശോധിച്ചിരുന്നു. വേങ്ങൂരിലെ 15 വാര്‍ഡുകളില്‍ രോഗബാധയുണ്ട്.
ഏപ്രില്‍ 17നാണ് വേങ്ങൂര്‍ പഞ്ചായത്തില്‍ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇത് പടര്‍ന്നു പിടിക്കുകയായിരുന്നു. സമീപ പഞ്ചായത്തിലെ മുടക്കുഴ സ്വദേശിയും മരിച്ചു. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരില്‍ ശ്രീകാന്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ ഡയാലിസിസ് നടത്തുന്നുണ്ട്. സഹോദരന്‍ ശ്രീനിയും ഇവിടെ ചികിത്സയിലാണ്. ശ്രീകാന്തിന്റെ ഭാര്യ അഞ്ജന ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്.
വക്കുവള്ളി, കൈപ്പള്ളി, ചൂരത്തോട് ഭാഗങ്ങളിലായാണു പുതിയ രോഗബാധിതര്‍. മലിനജലത്തിലൂടെയാണു വ്യാപനമുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. തുടര്‍ന്നു കടകളില്‍ പരിശോധന നടത്തുകയും ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തു. മലിനജലം ഉപയോഗിച്ച് 45 ദിവസത്തിനു ശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. ഇനിയും രോഗികളുടെ എണ്ണം കൂടിയേക്കാം.