ഇന്ന് ജനുവരി പത്ത്. ബൃഹദാകാര ശില്‍പ്പങ്ങളിലൂടെ കേരളത്തിലും മറുനാട്ടിലും വിഖ്യാതനായ അനശ്വരശില്‍പ്പി എന്‍. അപ്പുക്കുട്ടന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് പതിമൂന്നാണ്ട് പൂര്‍ത്തിയായ ദിനമാണിന്ന്. ഒരു സ്മൃതിദിനാചരണം പോലും സംഘടിപ്പിക്കാനാകാതെ ആ ദിവസവും പ്രബുദ്ധ സാംസ്‌കാരിക കേരളം പിന്നിട്ടപ്പോള്‍ മനോദുഃഖിതരായത്, അപ്പുക്കുട്ടനെ സ്‌നേഹിച്ചിരുന്ന, അപ്പുക്കുട്ടന്റെ കരവിരുതിനെ ഇഷ്ടപ്പെട്ടിരുന്ന സഹൃദയരായ ആസ്വാദകരും സുഹൃത്തുക്കളുമാണ്.
പെരുമ്പാവൂര്‍: ബൃഹത് നന്ദിയെന്ന 36 അടി ഉയരമുള്ള നന്ദികേശശില്‍പ്പം നിര്‍മ്മിച്ച് അയ്മുറി എന്ന കൊച്ചു ഗ്രാമത്തിന് ലോക സഞ്ചാരഭൂപടത്തില്‍ ഇടംനേടിക്കൊടുത്ത പ്രശസ്ത ശില്‍പ്പി എന്‍. അപ്പുക്കുട്ടന്റെ 13-ാമത് സ്മൃതിദിനമായി വീണ്ടുമൊരു ജനുവരി 10. 2012 ജനുവരി പത്തിന് അമ്പത്തിരണ്ടാം വയസില്‍ പെരുമ്പാവൂരില്‍ വച്ചായിരുന്നു ശില്‍പ്പിയുടെ അന്ത്യം.
2011-ലാണ് ശില്‍പ്പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. കോണ്‍ക്രീറ്റിലാണ് ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. കാഞ്ചികാമകോടിപീഠം ആചാര്യന്‍ ജഗദ്ഗുരു ജയേന്ദ്രസരസ്വതി ശങ്കരാചാര്യ സ്വാമികളാണ് അപ്പുക്കുട്ടന്റെ ശില്‍പ്പത്തിന് ബൃഹത് നന്ദിയെന്ന് നാമകരണം ചെയ്തത്. അയ്മുറി ശ്രീമഹാദേവക്ഷേത്രസമുച്ചയം ഇന്ന് ഗൂഗിള്‍ മാപ്പില്‍ പോലും 'അയ്മുറി നന്ദിഗ്രാമമായി' അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
19-ാം നൂറ്റാണ്ടിന്റെ ആദ്യവും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും തഞ്ചാവൂരില്‍ നിന്നും യജുര്‍വ്വേദികളായ തമിഴ്ബ്രാഹ്മണര്‍ കുടിയേറിപ്പാര്‍ത്ത ചരിത്രപുരാവൃത്തം ഈ ക്ഷേത്രഗ്രാമത്തിനും പരിസരപ്രദേശങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ ലോകശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു ശില്‍പ്പനിര്‍മ്മിതിക്കായി കൂത്താട്ടുകുളം പാലക്കുഴക്കാരനായ അപ്പുക്കുട്ടന്റെ അയ്മുറിയിലേയ്ക്കുള്ള വരവിനെ ഒരു നിയോഗം പോലെയാണ് നാട്ടുകാരായ ഭക്തര്‍ കാണുന്നത്.
ശില്‍പ്പിയും ആറോളം പേരും ചേര്‍ന്ന് രണ്ടരക്കൊല്ലമെടുത്ത് പണി പൂര്‍ത്തിയാക്കിയപ്പോള്‍ അന്നു ചെലവായത് പതിനെട്ടു ലക്ഷത്തോളം രൂപ. ശ്രീലാളന്‍ മണി, ജയന്തി എസ്. മണി എന്നീ മറുനാടന്‍ തമിഴ്ബ്രാഹ്മണദമ്പതിമാരാണ് ഈ ശില്‍പ്പത്തിനായി പണം മുടക്കിയത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലും അപ്പുക്കുട്ടന്റേതായ കരവിരുതു കാണാം.
ഭിത്തിശില്‍പ്പം എന്ന രീതിയില്‍ നടരാജനും നര്‍ത്തനഗണപതിയും അലങ്കാരമാകുന്നു. എല്ലാവര്‍ഷവും ശിവരാത്രി ഉത്സവത്തിനു മുന്നോടിയായി അയ്മനം ദേവസ്വം ട്രസ്റ്റ് മുന്‍കൈയെടുത്ത് ശില്‍പ്പങ്ങളെല്ലാം ചായമടിച്ച് മോടിപിടിപ്പിക്കുന്നുണ്ട്. 1978-ല്‍ തുടങ്ങിയ അപ്പുക്കുട്ടന്റെ ശില്പനിര്‍മ്മാണ സപര്യയില്‍ നൂറുകണക്കിന് ശില്പങ്ങളും റിലീഫുകളും ചുവര്‍ച്ചിത്രങ്ങളുമാണ് പിറവിയെടുത്തത്.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, കരുണാകരന്‍ തുടങ്ങിയ ജനനായകന്മാരെയെല്ലാം അനശ്വരമാക്കിയ ശില്‍പ്പങ്ങള്‍ നിരവധി. 2001-ല്‍ നിര്‍മ്മിച്ച ഗാന്ധീശില്‍പ്പം പെരുമ്പാവൂര്‍ പട്ടണത്തിന് എന്നും അലങ്കാരമായി നില്‍ക്കുന്നു. ശില്‍പ്പങ്ങളുടെ മുഖഭാവങ്ങള്‍ സൂക്ഷ്മവും, സജീവവുമാക്കിതീര്‍ക്കുക എന്നതായിരുന്നു അപ്പുക്കുട്ടന്റെ ശില്‍പ്പകലയുടെ പ്രധാന സവിശേഷത.
കേരളത്തിനകത്തും പുറത്തും നിരന്തരം ശില്‍പ്പവേലകള്‍ ചെയ്ത അപ്പുക്കുട്ടനെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ടില്ലെന്നുനടിച്ചു. പുരസ്‌കാരങ്ങള്‍ക്ക് പിറകെ നടക്കുന്ന സമയം കൂടി ശില്പങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ചെലവാക്കാമെന്നായിരുന്നു ശില്‍പ്പിയുടെ നിശ്ചയം. കെ. കരുണാകരന്‍ മുതല്‍ യേശുദാസ്, ജയവിജയന്‍മാര്‍ തുടങ്ങി മഹാപ്രതിഭകളുടെ വാത്സല്യഭാജനമായിരുന്ന അപ്പുക്കുട്ടന്റെ സൗഹൃദത്തിന് വലുപ്പച്ചെറുപ്പങ്ങള്‍ ഉണ്ടായിരുന്നില്ല.
സ്ഥാനമാനങ്ങള്‍ക്കതീതമായി ചിന്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാകാം എല്ലാവരും അപ്പുക്കുട്ടനെക്കുറിച്ച് ഇന്നും നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. 1987-ല്‍ കൂത്താട്ടുകുളത്തിനടുത്ത് മീങ്കുന്നം പള്ളിയങ്കണത്തില്‍ പണിത 36 അടി ഉയരത്തിലുള്ള, മൈക്കല്‍ ആഞ്ചലോയുടെ 'പിയത്ത' യുടെ പുനഃസൃഷ്ടിയാണ് അപ്പുക്കുട്ടനെ ശ്രദ്ധേയനാക്കിയത്. 1993-ല്‍ ഡല്‍ഹി ഉത്തരഗുരുവായൂര്‍ ക്ഷേത്രത്തിലെ ഹൈന്ദവ ശില്‍പ്പങ്ങള്‍, 2001-ല്‍ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ വൈദ്യനാഥ ഭാഗവതരുടെ ഓടിലുള്ള പ്രതിമ അങ്ങനെ നിരവധിയായ ശില്‍പ്പവേലകളിലൂടെ ഇന്നും ആസ്വാദകമനസ്സില്‍ അനശ്വരനായി നില്‍ക്കുന്ന അപ്പുക്കുട്ടന് ഉചിതമായൊരു സ്മാരകം വേണമെന്ന കാലങ്ങളായുള്ള ആവശ്യം ഇതുവരെ സംസ്ഥാന സാംസ്‌കാരിക വകുപ്പു നടപ്പാക്കിയിട്ടില്ല.
2011- ഓഗസ്റ്റില്‍ പെരുമ്പാവൂരിലെ സുഹൃത്തുക്കളുടെ കൂട്ടായ്മ അപ്പുക്കുട്ടന് രാജശില്‍പ്പി പുരസ്‌കാരം നല്‍കി ആദരിച്ചത് ഒരു കലാകാരനോടുള്ള അവഗണനയ്‌ക്കെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നുവെന്ന് സാംസ്‌കാരിക പ്രവര്‍ത്തകനും അപ്പുക്കുട്ടന്റെ സുഹൃത്തുക്കളിലൊരാളുമായ കൂവപ്പടി ജി. ഹരികുമാര്‍ പറഞ്ഞു.