കൊല്ലം: ഉടമയെ ഭീഷണിപ്പെടുത്തി വര്‍ക് ഷോപ്പില്‍ നിന്ന് ബുള്ളറ്റ് കടത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ബ്ലോക്ക് നമ്പര്‍ 107ല്‍ നൗഫല്‍ (20), മടത്തറ കലയപുരം ബ്ലോക്ക് നമ്പര്‍ 107ല്‍ മുഹമ്മദ് ഇര്‍ഫാന്‍ (21), ചിതറ പള്ളിക്കുന്നുംപുറം എസ്.എല്‍. നിവാസില്‍ സന്ദീപ് ലാല്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് ചിതറ തുമ്പമണ്‍തൊടി സ്വദേശി സജു നടത്തുന്ന വര്‍ക് ഷോപ്പിലെത്തിയ പ്രതികള്‍ ബലം പ്രയോഗിച്ച് ബുള്ളറ്റ് കടത്തുകയായിരുന്നു. ചിതറ സ്വദേശിയായ അക്ബര്‍ അറ്റകുറ്റപ്പണിക്കായി നല്‍കിയതായിരുന്നു ബുള്ളറ്റ്.
ടയര്‍ പഞ്ചറായതിനാല്‍ പിക്അപ്പിലാണ് വാഹനം കടത്തിയത്. ചിതറ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ബുള്ളറ്റും കസ്റ്റഡിയിലെടുത്തു.
വാഹനം വാടകയ്ക്ക് എടുത്ത് ആടുകളെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ തമിഴ്‌നാട് പോലീസില്‍ കേസുള്ളതായി പോലീസ് പറഞ്ഞു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത് ഒരു മാസം മുമ്പാണ്. സി.ഐ. പി. ശ്രീജിത്ത്, എസ്.ഐമാരായ സുധീഷ്, രശ്മി, സി.പി.ഒമാരായ ലിജിന്‍, ജിത്തു, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.