കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയ സ്വപ്നക്കുതിപ്പിനു പിന്നാലെ കൊക്കോ വില കൂപ്പുകുത്തി. 1200 രൂപയില്‍ നിന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കിലോയ്ക്ക് 600 രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണിയില്‍ ആവശ്യക്കാര്‍ ഏറെ ഉണ്ടായിട്ടും കൊക്കോവില തകര്‍ച്ചയ്ക്കു പിന്നില്‍ ഇടനിലക്കാരാണെന്ന് വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 220 രൂപയായിരുന്ന കൊക്കോ വിലയില്‍ അപ്രതീക്ഷിത കുതിപ്പായിരുന്നു ഇക്കൊല്ലം. വില 1,500 വരെ കയറുമെന്ന പ്രതീക്ഷയില്‍ ചരക്ക് സ്റ്റോക്ക് ചെയ്ത കര്‍ഷകരും വ്യാപാരികളും കനത്ത നഷ്ടമാണ് നേരിടുന്നത്. ആഗോള വിപണിയില്‍ ഉണങ്ങിയ കൊക്കോ കുരുവിന് ക്ഷാമം തുടരുമ്പോഴും വിലയിടിവിനു കാരണം ചോക്ലേറ്റ് കമ്പനികള്‍ക്ക് ചരക്കെത്തിക്കുന്ന ഇടനിലക്കാരുടെ ഇടപെടലാണെന്നാണ് വ്യാപാരികള്‍ പറയുന്നു.
ഇനിയും വില ഇടിയുമെന്ന ആശങ്കയില്‍ പലരും സ്റ്റോക്ക് വിറ്റൊഴിവാക്കാനുള്ള തിരക്കിലാണ്. വില വേഗത്തില്‍ ഇടിഞ്ഞതിനാല്‍ ചെറുകിട വ്യാപാരികള്‍ കൊക്കോ വാങ്ങുന്നത് നിര്‍ത്തിവച്ചിരുന്നു.
ഐവറികോസ്റ്റ്, ഘാന തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദനത്തിലുണ്ടായ ഇടിവാണ് ഇക്കൊല്ലം കൊക്കോയ്ക്ക് പൊന്നുംവില കിട്ടാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം ചരക്ക് ക്ഷാമം പെട്ടെന്നു പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ശരാശരി വില 600-700 തോതില്‍ തുടരുമെന്നാണ് സൂചന. അതേ സമയം കാലവര്‍ഷം വരാനിരിക്കെ കേരളത്തില്‍ വിളവും സംസ്‌കരണവും സംബന്ധിച്ചുള്ള ആശങ്കകളും കര്‍ഷകര്‍ക്കിടയില്‍ നില നില്‍ക്കുന്നുണ്ട്.
തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും കൊക്കോ കൃഷി കുറഞ്ഞുവരികയാണ്. കേരളത്തിലെ ഉത്പാദനത്തില്‍ ഏറിയ ഭാഗവും ഇടുക്കി, വയനാട് ജില്ലകളിലാണ്. റബറിന് തിരിച്ചടിയുണ്ടായതോടെ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചെറുകിടക്കാര്‍ കൂടുതലായി കൊക്കോ കൃഷിയിലേക്ക് മാറിയിരുന്നു.